'മന്‍മോഹന്‍ സിംഗിനോട് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാന്‍ മകള്‍ ആവശ്യപ്പെട്ടു’

മുംബൈ| Last Modified വ്യാഴം, 8 മെയ് 2014 (12:41 IST)
മന്‍മോഹന്‍ സിംഗിനോട് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാന്‍ മകള്‍ ആവശ്യപ്പെട്ടുവെന്ന് മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരുവിന്റെ വെളിപ്പെടുത്തല്‍. കുറ്റവാളികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കുന്ന മന്ത്രിസഭായോഗ തീരുമാനം കീറിയെറിയണമെന്ന് പത്രസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാന്‍ അദ്ദേഹത്തിന്റെ മകള്‍ ആവശ്യപ്പെട്ടത്.
'ദി ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍' എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം, മന്‍മോഹന്‍ സിംഗിന്റെ രണ്ട് പെണ്‍മക്കളില്‍ ആരാണ് ഇത് പറഞ്ഞതെന്ന് വെളിപ്പെടുത്താന്‍ ബാരു തയാറായില്ല.

കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പത്രസമ്മേളനം നടത്തുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി അവിടേക്ക് വന്ന് തീരുമാനം കീറിയെറിയണമെന്ന് ആവശ്യപ്പെട്ടത്. ഇത് ഏറെ വിവാദമാകുകയും ചെയ്തു.
ഈ തീരുമാനത്തെ അസംബന്ധമെന്നും അന്ന് രാഹുല്‍ പറഞ്ഞിരുന്നു. അതേത്തുടര്‍ന്നാണ് പ്രധാനമന്ത്രി പദം രാജിവയ്ക്കാന്‍ പിതാവിനോട് മകള്‍ പറഞ്ഞതെന്നാണ് ബാരുവിന്റെ വെളിപ്പെടുത്തല്‍. രാഹുല്‍ സംഭവത്തിനുശേഷം താന്‍ ഇത്തരമൊരു അഭിപ്രായം പറഞ്ഞപ്പോള്‍ 'നിങ്ങളുടെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു' എന്നുപറഞ്ഞ് മന്‍മോഹന്റെ മകള്‍ തനിക്ക് എസ്എംഎസ് സന്ദേശം അയച്ചുവെന്നും ബാരു പറയുന്നു.

2009ലെ യുപിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയത് തന്റെ വിജയമാണെന്ന് പലപ്പോഴും മന്‍മോഹന്‍സിംഗ് വിശ്വസിച്ചിരുന്നുവെന്നും ബാരു പറഞ്ഞു. 2009 ജൂണ്‍ രണ്ടിന് ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം കാലിന്മേല്‍ കാല്‍ കയറ്റിവച്ചിരിക്കുകയാണ്. അങ്ങനെ അദ്ദഹം ഇരിക്കുന്നത് കണ്ടിട്ടില്ല. അന്നദ്ദേഹം വിജയത്തെക്കുറിച്ച് സംസാരിച്ചു. പക്ഷെ, വിജയം അദ്ദേഹത്തിന്റേതാണെന്ന് പറയാന്‍ ആരും തയ്യാറായില്ല. പലരും രാഹുല്‍ ഗാന്ധിക്ക് ക്രെഡിറ്റ് കൊടുക്കാനാണ് ആഗ്രഹിച്ചതെന്നും ബാരു വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :