ബാഷയുടെ കോള്‍ റിക്കോര്‍ഡുകള്‍ ശേഖരിക്കുന്നു

ചെന്നൈ| WEBDUNIA|
PRO
ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ സാദിഖ് ബാഷയുടെ കോള്‍ റിക്കോര്‍ഡുകള്‍ ശേഖരിക്കുമെന്ന് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ ടി രാജേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. 2ജി അഴിമതിക്കേസില്‍ ജയിലിലായ മുന്‍ ടെലികോം മന്ത്രി എ രാജയുടെ വ്യാപാര പങ്കാളിയായിരുന്നു ബാഷ.

ബാഷയുടെ മൊബൈലില്‍ നിന്നുള്ള കോള്‍ വിവരങ്ങളാവും പൊലീസ് പരിശോധിക്കുന്നത്. ബാഷയുടെ പോസ്റ്റ്മാര്‍ട്ടത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണത്തില്‍ അസ്വാഭാവികതയുണ്ടോ എന്ന് വ്യക്തമാവുകയുള്ളൂ.

2ജി അഴിമതിക്കേസില്‍ എ രാജയ്ക്ക് ലഭിച്ചിരുന്ന പണം എം ഡി ആയിരുന്ന ‘ഗ്രീന്‍‌ഹൌസ് പ്രൊമോട്ടേഴ്സ്’ എന്ന സ്ഥാപനത്തിലൂടെയാണ് കൈമാറ്റം ചെയ്തത് എന്ന സംശയം നിലനില്‍ക്കുമ്പോഴാ‍ണ് ബാഷ ദൂരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത്. 2ജി അഴിമതിയുമായി ബന്ധപ്പെട്ട് ബാഷയുടെ വസതിയിലും ഓഫീസിലും സിബിഐ റെയ്ഡ് നടത്തി പ്രധാനപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ബാഷയെ തൂങ്ങിമരിച്ചനിലയില്‍ ചെന്നൈയിലെ സ്റ്റെല്ലാമേരീസ് കോളജിനടുത്തുള്ള വസതിയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ബാഷയുടെ മരണം ആത്മഹത്യയാണെന്നാണ് ഭാര്യ രഹാന ബാനുവും ഡ്രൈവറും പൊലീസില്‍ മൊഴിനല്‍കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :