പുകവലി ഇഷ്‌ടപ്പെടുന്നവര്‍ ഹോണ്ടുറാസില്‍ പോകാതിരിക്കുന്നതാണ് നല്ലത്. ഈ നാട്ടില്‍ പൊതുസ്ഥലത്ത് മാത്രമല്ല വീടിനകത്ത് പോലും പുകവലിക്കാര്‍ക്ക് രക്ഷയില്ല. ഇവിടെ ഇനിമുതല്‍ പരോക്ഷ പുകവലിയുടെ പേരില്‍ വീട്ടുകാര്‍ക്കും അതിഥികള്‍ക്കും പരാതിപ്പെടാം. പരാതി ലഭിച്ചാല്‍, പൊലീസ് പറന്നെത്തുകയും ചെയ്യും.
തിങ്കളാഴ്ചയാണ് ഈ നിയമം നിലവില്‍ വന്നത്. നിയമലംഘനം നടത്തുന്നവരെ ആദ്യം താക്കീത് ചെയ്യും. പിന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി പിഴ അടയ്ക്കാന്‍ ആവശ്യപ്പെടും. 311 ഡോളര്‍ ആണ് പിഴ, അതായത് ഹോണ്ടുറാസിലെ ഒരു മാസത്തെ അടിസ്ഥാന വേതനത്തിന് തുല്യമായ തുക!
എന്നാല്‍, വീട്ടിനുള്ളിലെ പുകവലി നിരോധിക്കുന്ന വ്യവസ്ഥ നിയമത്തിലില്ല. ആരെങ്കിലും പരാതിപ്പെടുകയാണെങ്കില്‍ പിഴയടയ്ക്കേണ്ടി വരുമെന്നു മാത്രം. ഇതിനാല്‍ തന്നെ ഇക്കാര്യം എത്രത്തോളം പ്രാവര്‍ത്തികമാക്കാനാവും എന്ന് കണ്ടറിയാം. വീട്ടുകാരും വീട്ടിലെത്തുന്ന അതിഥികളും പുകവലിച്ചാല്‍ എത്ര പേര്‍ പരാതിപ്പെടാന്‍ തയ്യാറാവും? മാത്രമല്ല, അക്രമങ്ങള്‍ പെരുകുന്ന ഹോണ്ടുറാസില്‍ 12,000 പൊലീസുകാര്‍ മാത്രമാണ് ഉള്ളത്.