യോഗഗുരു ബാബാ രാംദേവ് നിരാഹാരം അവസാനിപ്പിച്ചു. കള്ളപ്പണത്തിനെതിരെ അഞ്ച് ദിവസമായി തുടരുന്ന നിരാഹാര സമരം ഡല്‍ഹി അംബേദ്കര്‍ സ്റ്റേഡിയത്തില്‍ വച്ചാണ് രാംദേവ് അവസാനിപ്പിച്ചത്. കുട്ടികള്‍ ചേര്‍ന്ന് നല്കിയ നാരങ്ങാവെള്ളം കുടിച്ചാണ് അദ്ദേഹം നിരാഹാരം നിര്‍ത്തിയത്. അതേസമയം കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ പ്രക്ഷോഭം തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
രാംദേവും അനുയായികളും ഇന്ന് തന്നെ അംബേദ്കര്‍ സ്റ്റേഡിയം ഒഴിയണമെന്ന് ആഭ്യന്തര സെക്രട്ടറി അന്ത്യശാസനം നല്‍കിയിരുന്നു. ബുധനാഴ്ച സ്വാതന്ത്ര്യദിനമായതിനാലാണിത്. തുടര്‍ന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ രാംദേവ് നിരാഹാരം മതിയാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അയ്യായിരത്തോളം അനുയായികളാണ് സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയത്.
കോണ്‍ഗ്രസിനെയും പ്രധാനമന്ത്രിയെയും രൂക്ഷമായ ഭാഷയിലാണ് രാംദേവ് വിമര്‍ശിച്ചത്. 2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഒരു എം പിയെപ്പോലും പാര്‍ലമെന്റില്‍ എത്തിക്കരുത് എന്നും രാംദേവ് അനുയായികളെ ആഹ്വാനം ചെയ്തു. ഡല്‍ഹിയില്‍ നിന്ന് രാംദേവ് നേരെ ഹരിദ്വാറിലേക്കാണ് പോകുന്നത്.
രാംലീല മൈതാനിയില്‍ സമരം നടത്തുന്നതിനിടെ തിങ്കളാഴ്ച പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ച രാംദേവിനെയും അനുയായികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് രാത്രിയോടെ ഇവരെ വിട്ടയക്കുകയായിരുന്നു. പിരിഞ്ഞുപോകണമെന്ന പോലീസ് നിര്‍ദ്ദേശം അവഗണിച്ച് രാംദേവ് അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നിരാഹാരം തുടരുകയായിരുന്നു.
രാംദേവിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയും ജെഡിയു നേതാവ് ശരത് യാദവും കഴിഞ്ഞ ദിവസം വേദിയിലെത്തിയിരുന്നു. പ്രതിപക്ഷം രാംദേവിന് പിന്തുണ നല്‍കിയത് കോണ്‍ഗ്രസ് ഗൌരവത്തോടെ തന്നെയാണ് നോക്കിക്കാണുന്നത്.