ബസിലെ പീഡനം ദൈവവിധിയെന്ന് പഞ്ചാബ് മന്ത്രി

ചണ്ഡിഗഡ്| JOYS JOY| Last Modified ശനി, 2 മെയ് 2015 (10:43 IST)
പഞ്ചാബില്‍ ബസില്‍ നടന്ന പീഡനം ദൈവവിധിയാണെന്ന് പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി. പഞ്ചാബിലെ ഗ്രാമവികസന വകുപ്പ് മന്ത്രി സുര്‍ജിത് സിംഗ് രാഖ്രയുടേതാണ് വിവാദപ്രസ്താവന. പെണ്‍കുട്ടിക്ക് സംഭവിച്ചത് ദൈവവിധിയാണെന്നും വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്നുമാണ് മന്ത്രി സുര്‍ജിത് സിംഗ് രാഖ്ര പറഞ്ഞത്.

കാറുകളും വിമാനങ്ങളും പോലും അപകടത്തില്‍പ്പെടുന്നു. ഇതെല്ലാം ദൈവത്തിന് വിട്ടു കൊടുക്കുക മാത്രമാണ് പോംവഴിയെന്നും ഒരു പൊതു ചടങ്ങില്‍ രാഖ്ര പറഞ്ഞു. രാഖ്രയുടെ പ്രസ്താവന വിവാദമായി കഴിഞ്ഞു. സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുമായി ബന്ധപ്പെട്ട് പഞ്ചാബ് സര്‍ക്കാരും ശിരോമണി അകാലിദള്‍ പാര്‍ട്ടിയും പ്രതിസന്ധിയിലായിരിക്കുന്ന സമയത്താണ് മന്ത്രിയുടെ വിവാദപ്രസ്താവന.

സംഭവത്തിന്റെ ഗൌരവം കുറച്ചു കാണിക്കുന്ന രീതിയിലുള്ളതാണ് പ്രസ്താവന. പഞ്ചാബ് ഉപമുഖ്യമന്ത്രിയുടെ ഉടമസ്ഥതയിലുള്ള ബസിലായിരുന്നു പീഡനശ്രമം നടന്നത്. പീഡനത്തെ ചെറുത്ത പെണ്‍കുട്ടിയെയും അമ്മയെയും ബസില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചിരുന്നു.പെണ്‍കുട്ടിയുടെ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം, പെണ്‍കുട്ടിയുടെ കുടുംബത്തിന് ധനസഹായവും സര്‍ക്കാര്‍ ജോലിയും സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്തിരുന്നെങ്കിലും അതെല്ലാം വേണ്ടെന്നു വെച്ച പെണ്‍കുട്ടിയുടെ കുടുംബം കുറ്റവാളികള്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പീഡനശ്രമം നടന്ന ബസിന്റെ പെര്‍മിറ്റ് റദ്ദു ചെയ്യണമെന്നും അപകടത്തില്‍ നടപടി വേണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.

അതേസമയം, വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. കോണ്‍ഗ്രസും സംഭവത്തില്‍ പ്രതിഷേധിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :