വാജ്പേയി സര്‍ക്കാര്‍ 1998 ല്‍ പൊഖ്റാനില്‍ നടത്തിയ ഇന്ത്യയുടെ ആണുപരീക്ഷണം പൂര്‍ണ വിജയമായിരുന്നില്ലെന്ന് ഡി ആര് ഡി ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന് കെ സന്താനം വെളിപ്പെടുത്തി. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് രാജ്യത്തിന്റെ അഭിമാനമായ പൊഖ്റാന്‍-2നെ സന്താനം തള്ളിപ്പറഞ്ഞത്.
പൊഖ്റാന്‍-2 ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടതുപോലെ പൂര്‍ണവിജയമായിരുന്നില്ല. അന്ന് നടത്തിയ ആണവ സ്ഫോടനത്തിന് പ്രതീക്ഷിച്ചിരുന്നത്ര ശക്തി ഉണ്ടായിരുന്നില്ല. ഒരു ‘ബിഗ് ബാംഗ്’ ആണ് പ്രതീക്ഷിച്ചതെങ്കിലും അത് നിഷ്ഫലമാവുകയായിരുന്നു. 1998 ലെ പൊഖ്റാന്‍-2 ആണവ പരീക്ഷണത്തിനായുള്ള സ്ഥലം ഒരുക്കുന്നതിന്റെ ചുമതല സന്താനത്തിനായിരുന്നു. അഞ്ച് ആണവ പരീക്ഷണങ്ങളാണ് അന്ന് പൊഖ്റാനില്‍ ഇന്ത്യ നടത്തിയത്. 45 കിലോ ടണ്‍ ശേഷിയാണ് അന്നത്തെ പരീക്ഷണത്തില്‍ പ്രതീക്ഷിച്ചത്. എന്നാല്‍ 20 കിലോ ടണ്‍ മാത്രമായിരുന്നു അതിന്റെ ശേഷി.
ഇന്ത്യക്ക് ആണവ വിസ്ഫോടന പരീക്ഷണത്തിന് ആവശ്യമായ സാമഗ്രികള്‍ എങ്ങിനെ ലഭ്യമായി എന്നതിനെക്കുറിച്ച് അന്നു തന്നെ വിദേശ ഏജന്‍സികള്‍ സംശയം ഉന്നയിച്ചിരുന്നു. ഇതിനു കരുത്തു പകരുന്നതാണ് സന്താനത്തിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യ ആണവ നിര്‍വ്യാപന കരാരില്‍ ഒപ്പിടരുതെന്നും സന്താനം ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആണവായുധങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണെന്നും സന്താനം പറഞ്ഞു.
മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമായിരുന്നു പൊഖ്റാന്‍-2ന്റെ മേല്‍നോട്ട ചുമതല വഹിച്ചിരുന്നത്. ഇത് ആദ്യമായാണ് പൊഖ്റാന്‍-2മായി ബന്ധപ്പെട്ട ഒരു ശാസ്ത്രജ്ഞന് പരീക്ഷണത്തെ തള്ളിപ്പറയുന്നത്. അതേസമയം പൊഖ്റാന്‍ പരീക്ഷണങ്ങളിലെ മുഖ്യ ശാസ്ത്രജ്ഞനായ കെ ചിദംബരവും അന്ന് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ബ്രിജേഷ് മിശ്രയും സന്താനത്തിന്റെ വാദങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.