നീരജ് ഗ്രോവര്‍ വധക്കേസ്: ജെറോം ഹൈക്കോടതിയില്‍

മുംബൈ| WEBDUNIA|
നീരജ് ഗ്രോവര്‍ വധക്കേസില്‍ തനിക്ക് ചുമത്തിയ ശിക്ഷയ്ക്കെതിരെ പ്രതി മലയാളി നാവികസേനാ ഉദ്യോഗസ്ഥന്‍ എമിലി ജെറോം ബോംബെ ഹൈക്കോടതിയെ സമീപിച്ചു. മനഃപൂര്‍വമല്ലാത്ത നരഹത്യാ കുറ്റത്തിനു പത്തുവര്‍ഷവും തെളിവു നശിപ്പിച്ചതിനു മൂന്നുവര്‍ഷവുമാണു ജെറോമിനു സെഷന്‍സ് കോടതി വിധിച്ചത്. രണ്ടുശിക്ഷയും ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കൊലപാതകത്തിനും തെളിവു നശിപ്പിക്കലിനുമായി അന്‍പതിനായിരം രൂപ വീതം ഒരു ലക്ഷം രൂപ പിഴയടക്കാനും സെഷന്‍സ് ജഡ്ജി എം ഡബ്ള്യു ചന്ദ്വാനി വിധിച്ചിരുന്നു. ജൂലൈ 25ന് ജെറോമിന്റെ ഹര്‍ജി പരിഗണിക്കും. അന്ന് ഇയാളുടെ ജെറോമിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുന്നത്.

കേസിലെ മറ്റൊരു പ്രതി കന്നഡ നടി സൂസെരാജിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. വിചാരണ കാലയളവില്‍ മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചതിനാല്‍ മരിയയെ പിന്നീട് മോചിപ്പിക്കുകയായിരുന്നു.

കേസിനാസ്പദമായ സംഭവം നടന്നത് 2008 മെയ് ഏഴിനായിരുന്നു. നടി മരിയയുടെ വസതിയില്‍ വച്ചായിരുന്നു സമൂഹ മന:സാക്ഷിയെ ഞെട്ടിച്ച കൊലപാതക രംഗം അരങ്ങേറിയത്. നാവിക സേനാ ലഫ്റ്റനന്റ് ആയിരുന്ന എമിലി ജെറോം മരിയയുടെ വീട്ടിലെത്തിയപ്പോള്‍ ഗ്രോവറിനെ അവിടെ കണ്ടത് പ്രകോപനം ഉണ്ടാക്കുകയും ഇരുവരും വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.

ഗ്രോവറിനെ കൊന്ന ശേഷം മൃതദേഹം കഷണങ്ങളാക്കി മരിയയുടെയും എമിലിയുടെയും ബാഗുകളിലാക്കി താനെയിലെ മനോറില്‍ കൊണ്ടുപോയി കത്തിച്ചു കളയുകയായിരുന്നു. മുംബൈയില്‍ ടി വി ചാനല്‍ എക്സിക്യൂട്ടീവ് ആയിരുന്നു കൊലചെയ്യപ്പെട്ട നീരജ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :