‘കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ കേസെടുക്കാം’

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. റൗഫിന്‍റെ വെളിപ്പെടുത്തല്‍ അടിസ്ഥാനമാക്കി കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കാമെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ ശാന്തിഭൂഷനാണ് സര്‍ക്കാരിന് നിയമോപദേശം നല്‍കിയതെന്ന് ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു.

ഇതിന് പുറമെ, കുഞ്ഞാലിക്കുട്ടിയുടെ ബാങ്ക് അക്കൗണ്ടുകളും ആസ്തികളും പരിശോധിക്കണമെന്നും നിയമോപദേശത്തില്‍ പറയുന്നുണ്ട്. കേസിന്റെ വിചാരണയ്ക്കായി ഹൈക്കോടതിയുടെ അനുമതിയോടെ പ്രത്യേക അതിവേഗകോടതി സ്ഥാപിക്കണം. തെളിവുകള്‍ നല്‍കിയവരെ മാപ്പ് സാക്ഷികളാക്കണം. റൗഫ് നടത്തിയ വെളിപ്പെടുത്തലുകള്‍ കേസില്‍ സുപ്രധാനമാണ്. ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന്
നിയമതടസ്സമില്ലെന്നും ശാന്തിഭൂഷന്‍ നല്‍കിയ നിയമോപദേശത്തില്‍ പറയുന്നുണ്ട്.

മാര്‍ച്ചില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഡല്‍ഹി സന്ദര്‍ശനം നടത്തിയപ്പോഴാ‍ണ് നിയമോപദേശം ലഭിച്ചത്. ഇതെത്തുടര്‍ന്ന് കേസ് അന്വേഷിക്കുന്ന എഡിജിപി വിന്‍സന്‍ എം പോള്‍ ഡല്‍ഹിയിലെത്തി ശാന്തിഭൂഷനുമായി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചിരുന്നു. കേസിന്റെ വിശദാംശങ്ങള്‍ ശാന്തിഭൂഷന് കൈമാറണമെന്നും കത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ വിന്‍സന്‍ എം പോള്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് വിന്‍സന്‍ എം പോളിനെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ച് പോലും മുഖ്യമന്ത്രി ചര്‍ച്ച ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :