നിതിന്‍ ഗഡ്കരി കൂടുതല്‍ കുഴപ്പത്തില്‍

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PTI
ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നു. അരവിന്ദ് കേജ്‌രിവാള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ നേരിടാന്‍ സര്‍വസന്നാഹങ്ങളുമായി തയ്യാറെടുത്തിരിക്കെയാണ് ഗഡ്കരിക്കെതിരെ കൂടുതല്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്നത്. ഗഡ്കരിയുടെ നിയന്ത്രണത്തിലുള്ള ‘പൂര്‍ത്തി പവര്‍ ആന്‍ഡ്‌ ഷുഗര്‍ ലിമിറ്റഡ്’ എന്ന കമ്പനിയിലെ നിക്ഷേപകരുടേയും ഓഹരി ഉടമകളുടേയും കാര്യത്തിലാണ് ആരോപണം. ഇവരില്‍ പലരുടെയും വിലാസങ്ങള്‍ വ്യാജമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഓഹരിയുടമകളുടെയും നിക്ഷേപകരുടെയും വിലാസങ്ങള്‍ അന്വേഷിച്ചപ്പോള്‍ അവയില്‍ പലതും മുംബൈയിലെ ചേരി നിവാസികളുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ആര്‍ക്കും ഈ കമ്പനിയുമായി ഒരു ബന്ധവുമില്ല. കമ്പനിയിലെ നിക്ഷേപകരും ഓഹരിയുടമകളും ഗഡ്കരിയുടെ അടുത്ത സുഹൃത്തുക്കളാണെന്നതും സംശയമുണര്‍ത്തുന്നു.

നിതിന്‍ ഗഡ്കരി മഹാരാഷ്ട്രയില്‍ പൊതുമരാമത്ത്‌ മന്ത്രിയായിരിക്കുമ്പോള്‍ കരാറുകള്‍ ലഭിച്ചിട്ടുള്ള കമ്പനികള്‍ ‘പൂര്‍ത്തി പവര്‍ ആന്‍ഡ്‌ ഷുഗര്‍ ലിമിറ്റഡ്’ കമ്പനിക്ക് കോടികളുടെ വായ്പകള്‍ നല്‍കിയിട്ടുണ്ട്. ഗഡ്കരിയുടെ ഡ്രൈവര്‍ക്കുവരെ കമ്പനിയില്‍ പങ്കാളിത്തമുണ്ടെന്നാണ് കണ്ടെത്തലുകള്‍.

നിതിന്‍ ഗഡ്കരി ബി ജെ പി അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്ന് പാര്‍ട്ടിയുടെ രാജ്യസഭാ എം പി രാം ജഠ്മലാനി ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണങ്ങള്‍ക്ക് മേല്‍ ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നാണ് ഗഡ്കരിയുടെ പ്രതികരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :