അനധികൃത ആയുധങ്ങളുമായി തൂത്തുക്കുടിയില്‍ പിടിയിലായ അമേരിക്കന്‍ കപ്പലിലെ 35 ജീവനക്കാര്‍ക്ക് ഉപാധികളോടെ ജാമ്യം. തൂത്തുക്കുടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് ജാമ്യം അനുവദിച്ചത്. കേസ് അന്വേഷിക്കുന്ന തമിഴ്‌നാട് പൊലീസിലെ ക്യൂ ബ്രാഞ്ച് ഓഫീസില്‍ എല്ലാദിവസവും ഹാജരായി ഒപ്പുവെക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം.
അറസ്റ്റ് ചെയ്ത് അറുപത് ദിവസം കഴിഞ്ഞിട്ടും തങ്ങള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്യൂ ബ്രാഞ്ചിന് സാധിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ വാദം ശരിവെച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ ഇവരുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്ന നിഗമനത്തിലാണ് ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് എം വി സീമാന്‍ ഗാന്‍ഡെന്ന കപ്പലിലെ ജീവനക്കാര്‍ പോലീസ് പിടിയിലായത്. അമേരിക്കന്‍ ആസ്ഥാനമായുള്ള കമ്പനിയുടേതാണ് കപ്പല്‍.
കപ്പലില്‍നിന്നും 31 തോക്കുകള്‍, 5,000 വെടിയുണ്ട എന്നിവ തീരദേശ സംരക്ഷണ സേന പിടിച്ചെടുത്തിരുന്നു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അതിക്രമിച്ച് കടക്കല്‍, അനധികൃതമായി ആയുധങ്ങളും വെടിയുണ്ടകളും കൈവശം വെക്കല്‍, അനധികൃതമായി ഡീസല്‍ കരസ്ഥമാക്കല്‍ എന്നീ കുറ്റങ്ങളാണ് ജീവനക്കാര്‍ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്. കപ്പല്‍ ജീവനക്കാരില്‍ 22 വിദേശീയരെ ചെന്നൈയിലെ പുഴല്‍ ജയിലിലും ഇന്ത്യക്കാരെ തിരുനെല്‍വേലിയിലെ സെന്‍ട്രല്‍ ജയിലും പാര്‍പ്പിച്ചിരിക്കുകയാണ്.