തിഹാര്‍ ജയിലില്‍ പോകുന്നെങ്കില്‍ അത് മൃതദേഹം ഏറ്റുവാങ്ങാന്‍ മാത്രം: അഫ്സല് ഗുരുവിന്റെ ബന്ധുക്കള്‍
ശ്രീനഗര്‍|
WEBDUNIA|
Last Modified ബുധന്‍, 13 ഫെബ്രുവരി 2013 (09:04 IST)
PRO
PRO
പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്സല് ഗുരുവിന്റെ ബന്ധുക്കള്‍ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും. തങ്ങള്‍ ഡല്‍ഹിയ്ക്ക് പോകുന്നെങ്കില്‍ അത് അഫ്സല് ഗുരുവിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ വേണ്ടി മാത്രമായിരിക്കും എന്ന് ബന്ധുക്കള്‍ പറഞ്ഞു. തിഹാര്‍ ജയിലിലെ കബറിടത്തില്‍ പ്രാര്‍ത്ഥന നടത്താന്‍ ബന്ധുക്കളെ അനുവദിക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ബന്ധുക്കള്‍.
“ഞങ്ങള്‍ക്ക് മൃതദേഹമാണു വേണ്ടത്. അതില്‍ കുറഞ്ഞൊന്നും ആവശ്യമില്ല. പ്രാര്‍ത്ഥന ഞങ്ങള്‍ ഇവിടെ നടത്തിക്കോളാം“- ബന്ധുക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ മനസ്സിലാകുന്നില്ലെന്നും അവര്‍ പറഞ്ഞു. മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബാരാമുള്ള ഡപ്യൂട്ടി കമ്മിഷണര്‍, തിഹാര്‍ ജയില്‍ അധികൃതര്‍ എന്നിവര്‍ക്ക് ബന്ധുക്കള്‍ കത്തയച്ചു.
അഫ്സല് ജയിലില്‍ ഉപയോഗിച്ച പുസ്തകങ്ങള്‍, വസ്ത്രങ്ങള്‍, കണ്ണട തുടങ്ങിയവ ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.