തലപ്പാവ് അഴിക്കാന്‍ വിസമ്മതിച്ചു; സിഖ് പ്രതിനിധി സംഘത്തിന് യാത്രാനുമതി നിഷേധിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
തലപ്പാവ് അഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സിഖ് പ്രതിനിധി സംഘത്തിന് റോം വിമാനത്താവളത്തില്‍ യാത്രാനുമതി നിഷേധിച്ചു. ഡല്‍ഹി ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് മന്‍ജീത് സിംഗിനും മറ്റ് അംഗങ്ങള്‍ക്കുമാണ് റോമില്‍ ഈ അനുഭവം ഉണ്ടായത്.

സുരക്ഷാപരിശോധനയ്ക്കാണ് സംഘത്തോട് തലപ്പാവ് അഴിക്കാന്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് ഇവരെ വിമാനത്തില്‍ കയറാന്‍ അധികൃതര്‍ അനുവദിച്ചില്ല. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് തലപ്പാവ് പരിശോധിക്കാന്‍ പ്രതിനിധി സംഘം ആവശ്യപ്പെട്ടതായി മന്‍ജീത് സിംഗ് പറയുന്നു. എന്നാല്‍ തലപ്പാവ് അഴിച്ച്‌ പരിശോധന നടത്താന്‍ സമ്മതിച്ചാലേ വിമാനത്തില്‍ കയറാന്‍ കഴിയൂ എന്ന് ഇറ്റാലിയന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഡല്‍ഹിയില്‍ അകാലിദള്‍(ബദല്‍)ന്റെ പ്രധാന നേതാവാണ് മന്‍ജീത് സിംഗ്. ക്രിമോണയിലെ സിഖ് ചാനലിന്റെ ക്ഷണപ്രകാരം തലപ്പാവ് ബോധവത്കരണത്തിന്റെ ദിന പരിപാടികളില്‍ പങ്കെടുക്കാനാണ് മന്‍ജീതും സംഘവും ഇറ്റലിയിലെത്തിയത്. 2011ല്‍ സമാനരീതിയിലുള്ള ഒരു സംഭവം ഇറ്റലിയില്‍ നടന്നിരുന്നു. സിഖുകാരുടെ പ്രക്ഷോഭവും ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടലും കാരണം പരിശോധനയ്ക്കായി സിഖുകാര്‍ തലപ്പാവ് അഴിക്കേണ്ടതില്ലെന്ന് ഇറ്റലി അന്ന് പ്രഖ്യാപിച്ചിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയില്‍ സിഖുകാര്‍ പ്രകടനം നടത്തി. സംഭവം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ അറിയിച്ചു. സുരക്ഷാ പരിശോധനയുടെ ഭാഗമായി വിമാനത്താവളങ്ങളില്‍ സിഖുകാരോട് തലപ്പാവ് അഴിക്കാന്‍ ആവശ്യപ്പെടാതിരിക്കാന്‍ വിദേശ രാജ്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ബാദല്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :