ന്യൂഡല്‍ഹി|
Venkateswara Rao Immade Setti|
Last Updated:
ഞായര്‍, 13 ഫെബ്രുവരി 2011 (12:29 IST)
ഐ പി എല്‍ വിവാദങ്ങള്‍ക്ക് പിന്നാലെ കോമണ്‍വെല്‍ത്ത് അഴിമതി ഭൂതവും ശശി തരൂരിനെ വെട്ടിലാക്കുന്നു. ഗെയിംസ് സംഘാടക സമിതിയില്‍ അംഗമായതിന്റെ പേരില്‍ 13.5 ലക്ഷം രൂപ തരൂര്‍ പ്രതിഫലമായി നേടി എന്നാണ് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) കണ്ടെത്തിയിരിക്കുന്നത്. തരൂരിന് അന്താരാഷ്ട്രതലത്തിലുള്ള ജനസമ്മിതി മുന്നില്‍ കണ്ടാണു സംഘാടകസമിതി അദ്ദേഹത്തെ അംഗമായി തെരഞ്ഞെടുത്തത്.
പന്ത്രണ്ടുദിവസം ദുബായ് ഓഫീസില്‍ ചെലവഴിച്ചാണ് തരൂര്‍ പരിപാടികളില്‍ പങ്കെടുത്തത്. 2008 സെപ്തംബര്‍, ഒക്ടോബര്‍, 2009 ജനുവരി എന്നിങ്ങനെയായിരുന്നു ഇത്. ഒരു ദിവസം 2,500 ഡോളര്‍ എന്ന കണക്കിനായിരുന്നു തരൂരിന് നല്‍കിയത്. എച്ച് എസ് ബി സി ബാങ്കിന്റെ ദുബായ് ശാഖ വഴിയാണ് 2009ല്‍ അദ്ദേഹം പണം കൈപ്പറ്റിയത്.
എന്നാല്‍ സംഘാടക സമിതി അംഗമായിരിക്കുമ്പോള്‍ താന്‍ ഒരു സര്‍ക്കാര്‍ പദവിയിലും ഉണ്ടായിരുന്നില്ലെന്ന് തരൂര്‍ പ്രതികരിച്ചു. കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ പ്രവര്‍ത്തിച്ച താന്‍ ഫീസ് മാത്രമാണ് വാങ്ങിയത്. ഇതില്‍ തെറ്റൊന്നും ഉള്ളതായി തോന്നുന്നില്ല. ഗെയിംസ് സംഘാടക സമിതി അംഗങ്ങള്‍ തന്നെ ക്ഷണിച്ചതിന്റെ പേരിലാണ് പോയതെന്നും തരൂര്‍ പറഞ്ഞു.
2010 കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന അഴിമതിക്കഥകള്‍ സി ബി ഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് എന്നിവയ്ക്ക് സ്ഥിരം തലവേദനയാവുകയാണ്.