ഏറെ വിവാദങ്ങളും തടസങ്ങളും അതിജീവിച്ചാണ് കൊച്ചി ഐ പി എല്‍ ടീം നിലവില്‍ വന്നത്. ഇപ്പോഴിതാ, കളിക്കാരുടെ ലേലത്തില്‍ ബുദ്ധിപരമായ തെരഞ്ഞെടുക്കല്‍ നടത്തി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുകയാണ് കൊച്ചി. സന്തുലിതമായ ഒരു ടീമിനെയാണ് കൊച്ചി അണിനിരത്തുന്നത്.
ശനിയാഴ്ച നടന്ന ലേലത്തില്‍ കൊച്ചി നേടിയ 11 അംഗ ടീം ഇങ്ങനെ:
1. മഹേല ജയവര്‍ധനെ - 6.75 കോടി രൂപ മുടക്കിയാണ് ജയവര്‍ദ്ധനെയെ കൊച്ചി കൊണ്ടുവരുന്നത്. ടീമിന്‍റെ ക്യാപ്ടന്‍ ജയവര്‍ധനെ ആയിരിക്കുമെന്ന കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്.
2. മുത്തയ്യ മുരളീധരന്‍ - ശ്രീലങ്കയുടെ ഈ മാന്ത്രിക സ്പിന്നറെ ലഭിക്കാനായി അവസാന നിമിഷം വരെ ചെന്നൈ സൂപ്പര്‍ കിംഗ്സും ശ്രമിച്ചു. എന്നാല്‍ 5.06 കോടി രൂപയ്ക്ക് മുരളീധരനെ കൊച്ചി സ്വന്തമാക്കി.
3. ആര്‍ പി സിംഗ് - 2.3 കോടി രൂപയ്ക്കാണ് ആര്‍ പി സിംഗിനെ കൊച്ചി ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏതു മികച്ച ബാറ്റ്സ്മാനെയും കെണിയില്‍ വീഴ്ത്താന്‍ പറ്റിയ പുതുമയുള്ള വിദ്യകള്‍ കൈവശമുള്ള ബൌളര്‍.
4. ബ്രണ്ടന്‍ മക്കല്ലം - തകര്‍പ്പനടികളിലൂടെ പ്രശസ്തനായ ഈ ന്യൂസിലന്‍ഡുകാരനെ 2.18 കോടി രൂപയ്ക്കാണ് കൊച്ചി നേടിയത്. ഏത് പ്രതികൂല സാഹചര്യത്തെയും ചങ്കുറപ്പോടെ നേരിടുന്ന വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍.
5. സ്റ്റീവന്‍ സ്മിത്ത് - ഓസ്ട്രേലിയയില്‍ നിന്നുള്ള മികച്ച ഓള്‍ റൌണ്ടര്‍. സ്റ്റീവന്‍ സ്മിത്തിന് കൊച്ചി മുടക്കിയത് 91 ലക്ഷം രൂപ മാത്രം.
6. രമേഷ് പവാര്‍ - മികച്ച ഓഫ് സ്പിന്നര്‍. പ്രതിസന്ധിഘട്ടത്തില്‍ കരുത്ത് തെളിയിക്കുന്ന ബാറ്റ്സ്മാന്‍. 82.8 ലക്ഷം രൂപയ്ക്കാണ് രമേഷിനെ കൊച്ചി ലേലത്തിലെടുത്തത്.
7. വി വി എസ് ലക്‍ഷ്മണ്‍ - വെരി വെരി സ്പെഷ്യല്‍ ലക്‍ഷ്മണ്‍ ഇനി കൊച്ചിക്ക് സ്വന്തം. ഇന്ത്യ കണ്ട എക്കാലത്തെയും ക്ലാസ് ബാറ്റ്സ്മാന്‍മാരില്‍ ഒരാളായ ലക്ഷ്മണിനെ 1.84 കോടി രൂപയ്ക്കാണ് കൊച്ചി നേടിയത്.
8. ശ്രീശാന്ത് - ഏവരും പ്രതീക്ഷിച്ചിരുന്നത് സംഭവിച്ചു. ശ്രീശാന്തിനെ കൊച്ചി തന്നെ നേടി. കൊച്ചിയുടെ പ്രസ്റ്റീജ് താരം ശ്രീശാന്ത് തന്നെയായിരുന്നു. 4.14 കോടി രൂപയ്ക്കാണ് ശ്രീശാന്തിനെ കൊച്ചി ടീം സ്വന്തമാക്കിയത്.
9. ബ്രാഡ് ഹോഡ്ജ് - ഓസ്ട്രേലിയയുടെ ഈ ഓള്‍ റൌണ്ടര്‍ക്കായി 1.95 കോടി രൂപയാണ് കൊച്ചി നല്‍കിയത്.
10. പാര്‍ഥിവ് പട്ടേല്‍ - മികച്ച വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ ‘കൊച്ചു’പാര്‍ഥിവിനെ 1.33 കോടി രൂപയ്ക്കാണ് കൊച്ചി സ്വന്തമാക്കിയത്.
11. രവീന്ദ്ര ജഡേജ - ഈ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാന്‍ അത്യാവശ്യ ഘട്ടങ്ങളില്‍ വിക്കറ്റെടുക്കുന്ന സ്പിന്നര്‍ കൂടിയാണ്. 4.37 കോടി രൂപയ്ക്കാണ് രവീന്ദ്ര ജഡേജയെ കൊച്ചി സ്വന്തമാക്കിയത്.
ഇതുവരെയുള്ള ലേലത്തില്‍ കൊച്ചി ടീമിന് ഏറ്റവും ഗുണകരമായ കാര്യം ഓള്‍റൌണ്ടര്‍മാരുടെ സാന്നിധ്യമാണ്. ഒരുപക്ഷേ, ഐ പി എല്‍ പോലെ പ്രവചനാതീതമായ ടൂര്‍ണമെന്‍റില്‍ നിര്‍ണായകമാകാന്‍ സാധ്യതയുള്ള ഘടകവും അതുതന്നെ.