കോമണ്‍വെല്‍ത്ത് അഴിമതിക്കഥകള്‍ പുറത്തു വന്നതോടെ കരാര്‍ തുക ലഭിക്കാതെ കുഴങ്ങുന്ന ഓസ്ട്രേലിയന്‍ കമ്പനികള്‍ക്ക് വിദേശകാര്യമന്ത്രി എസ് എം കൃഷ്ണയുടെ ഉറപ്പ്. ഓസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി കെവിന്‍ റൂഡുമൊത്ത് നടത്തിയ മാധ്യമ സമ്മേളനത്തിലാണ് കൃഷ്ണ പ്രശ്ന പരിഹാരത്തിനുള്ള ഉറപ്പ് നല്‍കിയത്.
ഓസ്ട്രേലിയന്‍ കമ്പനികള്‍ കോമണ്‍വെല്‍ത്ത് സംഘാടക സമിതിക്കെതിരെ നിയമ നടപടി സ്വീകരിക്കാനിരിക്കെയാണ് ഓസ്ട്രേലിയ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഇക്കാര്യത്തെ കുറിച്ച് പ്രസ്താവന നടത്തിയത്. ന്യൂഡല്‍ഹിയില്‍ മടങ്ങിയെത്തിയാലുടന്‍ പ്രശ്നം സ്പോര്‍ട്സ് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് കൃഷ്ണ പറഞ്ഞു. എന്നാല്‍, പ്രശ്ന പരിഹാരത്തിന് എത്ര സമയം വേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
കൃഷ്ണ ഇക്കാര്യത്തില്‍ നടത്തിയ ഇടപെടലില്‍ സംതൃപ്തിയുണ്ടെന്ന് കെവിന്‍ റൂഡ് പ്രതികരിച്ചു. കോമണ്‍വെല്‍ത്ത് വിഷയം സങ്കീര്‍ണ്ണമായ പ്രശ്നമാണെന്നും ഓസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.