മോഷ്ടാക്കള്‍ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ട ദേശീയ വനിതാ ഫുട്‌ബോള്‍ താരത്തിന്റെ കാല് നഷ്ടപ്പെട്ടു. ദേശീയ ഫുട്‌ബോള്‍-വോളിബോള്‍ താരമായ സോനു സിന്‍ഹയുടെ (23) കാലാണ് മുട്ടിന് താഴെ തകര്‍ന്നത്. കവര്‍ച്ചക്കാര്‍ തീവണ്ടിയില്‍ തള്ളിയതോടെ തെറിച്ചുവീണ സോനുവിനെ തൊട്ടടുത്ത പാളത്തിലൂടെ വരികയായിരുന്ന മറ്റൊരു ട്രെയിന്‍ ഇടിക്കുകയായിരുന്നു. ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പത്മാവതി എക്‌സ്പ്രസ്സിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. ഡല്‍ഹിയിലേക്ക് പരീക്ഷയില്‍ പങ്കെടുക്കാന്‍ വരികയായിരുന്നു. തിങ്കളാഴ്ച രാത്രി ചേനാതിക്കും ബരേലി സ്റ്റേഷനുമിടയിലാണ് സംഭവം നടന്നത്. സോനുവിന്റെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.
കവര്‍ച്ചക്കാര്‍ സോനുവിന്റെ സ്വര്‍ണമാല തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് പ്രതിരോധിച്ച സോനുവിനെ കവര്‍ച്ചക്കാര്‍ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരു ട്രെയിന്‍ വന്നിടിക്കുകയായിരുന്നു. ട്രെയിന്‍ തന്റെ കാലിലൂടെയാണ് പോയതെന്ന് സോനു പറഞ്ഞു. ചോര വാര്‍ന്നൊലിക്കുകയായിരുന്ന സോനുവിനെ തൊട്ടടുത്ത ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇടതുകാല്‍ ചതഞ്ഞരഞ്ഞിട്ടുണ്ട്. വലതുകാലിനും പരിക്കേറ്റിട്ടുണ്ട്.
റെയില്‍വേയില്‍ നിന്ന് വിശദാംശങ്ങള്‍ തേടുമെന്നും സോനുവിനെ സഹായിക്കുമെന്നും കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി അജയ് മാക്കന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വേയോട് ആവശ്യപ്പെടും. സോനുവിന് പരമാവധി നല്ല ചികിത്സ ലഭ്യമാക്കുമെന്നും അജയ് മാക്കന്‍ പറഞ്ഞു. സോനുവിന് 25000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ട്രെയിനുകളില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തില്ലെന്ന കടുംപിടിത്തത്തില്‍ ഉറച്ചു നില്‍ക്കുകയാണ് റെയില്‍വേ മന്ത്രാലയം. ട്രെയിനില്‍ നിന്നുള്ള വരുമാനമെടുക്കുന്നത് റയില്‍ മന്ത്രാലയമാണെങ്കിലും അതില്‍ സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്ന വിചിത്രമായ വാദമാണ് റെയില്‍വേ ഉയര്‍ത്തുന്നത്. ഷൊര്‍ണൂരില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്ത സംഭവത്തിനുശേഷം സ്ത്രീകളുടെ കമ്പാര്‍ട്ട്‌മെന്റുകളില്‍ സംസ്ഥാന സര്‍ക്കാര്‍ പൊലിസ് സംരക്ഷണം ഏര്‍പ്പാടാക്കിയിരുന്നെങ്കിലും ഇപ്പോഴതും നിലച്ചിരിക്കുന്നു. സാമൂഹ്യവിരുദ്ധരുടെ ശല്യം പഴയപടി തന്നെയാണുള്ളത്.