ബീഹാറില്‍ എംഎല്‍എമാരുടെ ശമ്പളം മൂന്നിരട്ടി കൂട്ടി!

പട്ന| WEBDUNIA|
ബീഹാറില്‍ എം എല്‍ എമാരുടെ ശമ്പളം കുത്തനെ കൂട്ടി. മൂന്നിരട്ടിയായാണ് ശമ്പളവര്‍ദ്ധനവ് നടപ്പാക്കിയിരിക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ ഇത് നിലവില്‍ വരും. നിലവില്‍ 8000 രൂപ ശമ്പളം വാങ്ങുന്ന എം എല്‍ എമാര്‍ക്ക് ഇനി മുതല്‍ 25000 രൂപയായിരിക്കും ലഭിക്കുക. ശമ്പളത്തില്‍ മാത്രമല്ല അലവന്‍‌സിലും വന്‍ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് എം എല്‍ എമാരുടെ ശമ്പളവും അലവന്‍സും പുതുക്കി നിര്‍ണയിച്ചത്. 34 കോടി രൂപയുടെ അധികബാധ്യത ഇതുമൂലം സര്‍ക്കാരിന് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ഓരോ എം എല്‍ എയ്ക്കും മണ്ഡല അലവന്‍സായി 25000 രൂപ നല്‍കും. മുമ്പ് ഇത് 12000 രൂപയായിരുന്നു. സ്റ്റേഷനറി അലവന്‍സ് 2000 രൂപയില്‍ നിന്ന് 8000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. എം എല്‍ എമാരുടെ സഹായികള്‍ക്കുള്ള അധിക അലവന്‍സായി 15000 രൂപയായിരിക്കും നല്‍കുക. നേരത്തേ ഇത് 10000 രൂപയായിരുന്നു.

ഫര്‍ണിച്ചറിനുള്ള ഒറ്റത്തവണ അലവന്‍‌സായി 50000 രൂപ ലഭിക്കും. 25000 രൂപയില്‍ നിന്നാണ് ഇരട്ടിയായി ഇത് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കുള്ള ഹോസ്പിറ്റാലിറ്റി അലവന്‍സ് 15000 രൂപയില്‍ നിന്ന് 18500 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. മറ്റ് മന്ത്രിമാര്‍ക്ക് ഇത് 18000 രൂപയാണ്. സഹമന്ത്രിമാര്‍ക്ക് അലവന്‍സായി 17000 രൂപ ലഭിക്കും.

മുന്‍ എം എല്‍ എമാര്‍ക്കുള്ള പെന്‍ഷന്‍ പ്രതിമാസം 15000 രൂപയാക്കിയിട്ടുണ്ട്. മുമ്പ് ഇത് 6000 രൂപ മാത്രമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :