പട്ന|
WEBDUNIA|
Last Modified വ്യാഴം, 21 ജനുവരി 2010 (13:23 IST)
മുംബൈയില്‍ പുതിയ ടാക്സി ഡ്രൈവിഗ് ലൈസന്‍സിന് തദ്ദേശവാസികളെ മാത്രമേ പരിഗണിക്കൂ എന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. തീരുമാനം പിന്‍വലിക്കുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നും ലാലു ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്റെ നേതൃത്വത്തില്‍ എടുത്ത മന്ത്രിസഭാ തീരുമാനം എതിര്പ്പുളവാക്കുന്നതും നിര്‍ഭാഗ്യകരവും ഭരണഘടനാവിരുദ്ധവും ആണെന്നാണ് ലാലു വിശേഷിപ്പിച്ചത്. ബീഹാര്‍, യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കും.
രണ്ട് ലക്ഷത്തോളം ടാക്സി ഡ്രൈവര്‍മാര്‍ പണിയെടുക്കുന്ന മുംബൈയില്‍ ഓരോ വര്‍ഷവും 4,000 പുതിയ പെര്‍മിറ്റുകള്‍ നല്കുന്നു. പുതിയ തീരുമാനത്തിലൂടെ കോണ്‍ഗ്രസും ബാല്‍ താക്കറെയുടെ പാത പിന്തുടരുകയാണ് എന്ന് ലാലു കുറ്റപ്പെടുത്തി.
ഭരണഘടനാപരമായി ചിന്തിച്ചാല്‍ ഓരോ പൌരനും എവിടെ വേണമെങ്കിലും ജോലി തേടാനുള്ള അവകാശമുണ്ട്. സര്‍ക്കാരിന്റെ തീരുമാനം ലക്ഷക്കണക്കിന് ടാക്സി ഡ്രൈവര്‍മാരെ തൊഴിലില്ലായ്മയിലേക്ക് തള്ളിവിടുമെന്നും ലാലുപ്രസാദ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര മന്ത്രിസഭ വിവാദമായ തീരുമാനം കൈക്കൊണ്ടത്. പുതിയ തീരുമാനമനുസരിച്ച് മുംബൈ നഗരത്തില്‍ ടാക്സി ഓടിക്കാനുള്ള ലൈസന്‍സ് ലഭിക്കണമെങ്കില്‍ അപേക്ഷകര്‍ കഴിഞ്ഞ 15 വര്‍ഷമായി സംസ്ഥാനത്ത് താമസിക്കുന്നതിന്റെ രേഖകള്‍ ഹാജരാക്കണം. അതോടൊപ്പം, മറാത്തി സംസാരിക്കാനും എഴുതാനും കഴിവുള്ളവര്‍ക്ക് മാത്രമേ ലൈസന്‍സ് നല്‍കുകയുള്ളൂ എന്നും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.