ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ്-14ന്റെ വിക്ഷേപണം ഇന്ന്. വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി ഡി-5ന്റെ സഹായത്തോടെ വൈകിട്ട് 4.18ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയരും. ഇതിനായുള്ള കൗണ്ട് ഡൗണ്‍ ഇന്നലെ ആരംഭിച്ചിരുന്നു. കാലാവധി പൂര്‍ത്തിയാക്കുന്ന എജ്യൂസാറ്റ് ഉപഗ്രഹത്തിന് പകരമായാണ് ജി സാറ്റ്-14 വിക്ഷേപിക്കുന്നത്. ടെലി മെഡിസിന്‍, ടെലി എജ്യുക്കേഷന്‍ ഉള്‍പ്പെടെ രാജ്യത്തെ ആശയ വിനിമയ സംവിധാനങ്ങളെയെല്ലാം ഒരു കുടക്കീഴിലാക്കാന്‍ ജി സാറ്റ്-14ന് കഴിയും. 415 ടണ്‍ ഭാരമുള്ള ഉപഗ്രഹത്തിന് 12 വര്‍ഷമാണ് കാലാവധി. അത്യാധുനിക സംവിധാനങ്ങളുള്ള ട്രാന്‍സ്‌പോണ്ടറുകളാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 19ന് ജിസാറ്റിന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നെങ്കിലും വിക്ഷേപണ റോക്കറ്റായ ജിഎസ്എല്‍വി ഡി-5ലെ ഇന്ധന ചോര്‍ച്ച കാരണം അവസാന മണിക്കൂറില്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഖര, ദ്രാവക ക്രയോജനിക് ഘട്ടങ്ങള്‍ താണ്ടിയുള്ള വിക്ഷേപണ പ്രക്രിയയ്ക്കായി ഇന്ധനം നിറക്കവെയാണ് ചോര്‍ച്ച കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലെ ലിക്വിഡ് പ്രൊപെള്‍ഷന്‍ സിസ്റ്റം സെന്ററിലാണ് ഐഎസ്ആര്‍ഒ ക്രയോജനിക് എഞ്ചിന്‍ വികസിപ്പിച്ചത്. മുമ്പ് റഷ്യന്‍ ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു ഉപഗ്രഹ വിക്ഷേപണം നടത്തിയിരുന്നത്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ജിഎസ്എല്‍വി വിക്ഷേപണം വിജയകരമായാല്‍ ക്രയോജനിക് സാങ്കേതിക വിദ്യ സ്വായത്തമാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടം നേടും. അതുകൊണ്ടുതന്നെ നാലു മാസം കൊണ്ട് സാങ്കേതിക തകരാറുകളെല്ലാം പരിഹരിച്ച് നിശ്ചയദാര്‍ഢ്യത്തോടെയാണ് ഐഎസ്ആര്‍ഒ പുതിയ ചുവടുവെയ്ക്കുന്നത്.
വിക്ഷേപണം കഴിഞ്ഞ് 17.8 മിനിറ്റ് പിന്നിടുമ്പോള്‍ ഭൂമിയുടെ 213.5 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് വിക്ഷേപണ വാഹനം പൂര്‍ണമായും കത്തിയമരുകയും ജി സാറ്റ് 14 വേര്‍പ്പെടുകയും ചെയ്യും. വാര്‍ത്താവിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കാനുള്ള ഈ ദൗത്യത്തിന് 350 കോടി രൂപയുടെ ചെലവാണ് കണക്കാക്കുന്നത്. വിക്ഷേപണം വിജയം കണ്ടാല്‍ ക്രയോജനിക് സാങ്കേതിക വിദ്യ സ്വായത്തമാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടം പിടിക്കും.