2ജി അഴിമതിക്കേസില്‍ കനിമൊഴിയെ പ്രതി ചേര്‍ത്തതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഡിഎംകെയുടെ ഉന്നതാധികാരയോഗം പ്രശ്നം നിയമപരമായി നേരിടാന്‍ തീരുമാനിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിമാരെ പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളെ കുറിച്ചൊന്നും യോഗം ചര്‍ച്ച ചെയ്തില്ല.
പ്രശനത്തെ നിയമപ്രമായി നേരിടും. കുറ്റപത്രം സമര്‍പ്പിച്ചതുകൊണ്ട് കനിമൊഴിയും കലൈഞ്ജര്‍ ടിവി എംഡി ശരത് കുമാറും മുന്‍ ടെലികോം മന്ത്രി എ രാജയും കുറ്റക്കാരാണെന്ന് പറയാന്‍ സാധിക്കില്ല. ഇവര്‍ കോടതിയില്‍ നിരപരാധിത്വം തെളിയിക്കുന്നതു വരെ പാര്‍ട്ടിയുടെ ശക്തമായ പിന്തുണ ഉണ്ടായിരിക്കും എന്നും ഉന്നതാധികാര സമിതി യോഗത്തില്‍ ധാരണയായി. കോണ്‍ഗ്രസുമായി തെറ്റുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല എന്ന ശക്തമായ വികാരമാണ് പാര്‍ട്ടിക്കുള്ളില്‍ ഉള്ളത്.
കരുണാനിധിയുടെ മകള്‍ കനിമൊഴിയുടെയും അമ്മ ദയാലു അമ്മാളിന്റെയും ശരത് കുമാറിന്റെയും ഉടമസ്ഥതയിലുള്ള കലൈഞ്ജര്‍ ടിവി ഡിബി ഗ്രൂപ്പില്‍ നിന്ന് 214 കോടി രൂപ കൈപ്പറ്റിയതാണ് അന്വേഷണ വിധേയമായത്. ഡിബി ഗ്രൂപ്പിന് എ രാജ വഴിവിട്ട രീതിയില്‍ 2ജി ലൈസന്‍സ് അനുവദിച്ചതിനുള്ള പ്രതിഫലമായാണ് പണം ലഭിച്ചത് എന്നാണ് സംശയിക്കുന്നത്. കേസില്‍ കനിമൊഴിക്കെതിരെ ഗൂഡാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിച്ച കുറ്റവും ഇവര്‍ക്കെതിരെ ചുമത്തുമെന്നാണ് കരുതുന്നത്.
ഇതിനിടെ, കനിമൊഴിയെയും ശരത് കുമാറിനെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. കലൈഞ്ജര്‍ ടിവിയുടെ ആസ്തികള്‍ മരവിപ്പിക്കണം എന്നും പ്രവര്‍ത്തനം അവസാനിപ്പിക്കണം എന്നും ആവശ്യമുയരുന്നുണ്ട്.