rahul balan|
Last Modified വെള്ളി, 22 ഏപ്രില്‍ 2016 (20:18 IST)
ജെയ്ഷെ മുഹമ്മദ് തലവൻ മസ്ഊദ് അസ്ഹറിന് വിലക്കേർപ്പെടുത്താനുള്ള ഇന്ത്യൻ നീക്കത്തെ ഐക്യരാഷ്ട്ര സഭയിൽ എതിർത്ത ചൈനക്ക് തിരിച്ചടിയായി വിമത നേതാവ് ദുൽകൻ ഈസക്ക് ഇന്ത്യ സന്ദർശാനുമതി നൽകി. ലോക ഉയിഗൂർ കോൺഗ്രസ് നേതാവായ ദുൽകൻ ഈസയെ ഭീകരവാദിയെന്നാണ് ചൈന വിശേപ്പിക്കുന്നത്. ഏപ്രിൽ 28 മുതൽ മെയ് 1 വരെ ധരംശാലയിൽ നടക്കുന്ന കോൺഫറൻസിൽ പങ്കെടുക്കാനാണ് ഇന്ത്യ അനുവാദം നൽകിയിരിക്കുന്നത്.
മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സിൻജിയാഗ് പ്രവിശ്യയിൽ സ്വയംഭരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ് ഉയിഗൂർ മുസ്ലിംകൾ. ഇന്ത്യയുടെ നീക്കത്തില്‍ ചൈന ഉത്കണ്ഠ രേഖപ്പെടുത്തി. ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച അന്താരാഷ്ട്ര കുറ്റവാളിയാണ് ദുൽകൻ ഈസയെന്നും അതുകൊണ്ടുതന്നെ അയാളെ നിയമത്തിന്ന് മുന്നിൽ കൊണ്ടുവരേണ്ടത് എല്ലാ രാജ്യങ്ങളുടേയും കടമയാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. സിൻജിയാംഗ് പ്രവിശ്യയിൽ ഏകദേശം പത്ത് ദശലക്ഷം ഉയിഗൂർ മുസ്ലിംകളാണുള്ളത്.
ടിബറ്റുകളുടെ ആത്മീയാചാര്യനായ ദലൈലാമയ്ക്ക് ഇന്ത്യ ധരംശാലയിലാണ് അഭയം നൽകിയിരിക്കുന്നത്. ചൈനയില്‍നിന്നും പലായനം ചെയ്ത നിരവധി ടിബറ്റുകൾക്കും ഈ മേഖലയില്‍ ഇന്ത്യ അഭയം നല്‍കിയിരുന്നു. ഇതിനെതിരെ ചൈന ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.