ന്യൂഡല്‍ഹി|
JOYS JOY|
Last Modified വെള്ളി, 22 ഏപ്രില്‍ 2016 (18:43 IST)
ഉത്തരാഖണ്ഡില്‍ രാഷ്‌ട്രപതിഭരണം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഏപ്രില്‍ 27 വരെ ഹൈക്കോടതി വിധിക്ക് സ്റ്റേ ഏര്‍പ്പെടുത്തി സുപ്രീംകോടതി ഉത്തരവിട്ടത്.
ഉത്തരാഖണ്ഡില്‍ രാഷ്‌ട്രപതിഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇന്നലെയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി റദ്ദു ചെയ്തത്. ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് അധികാരത്തില്‍ തിരിച്ചെത്താന്‍ അര്‍ഹതയുണ്ടെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് റദ്ദു ചെയ്തുകൊണ്ട് ഹൈക്കോടതി വിധി. ചീഫ് ജസ്റ്റിസ് കെ എം ജോസഫ്, ജസ്റ്റിസ് വി കെ ബിഷ്‌ട് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു വിധി.
ഈ വിധിക്കെതിരെ ആണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനെ തുടര്‍ന്ന്, ഹൈക്കോടതി വിധിയുടെ പകര്‍പ്പ് ലഭിക്കുന്നതുവരെ സ്റ്റേ ഏര്‍പ്പെടുത്തുകയായിരുന്നു. 27 വരെ രാഷ്‌ട്രപതി ഭരണം നിലനില്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 27ന് കേസ് വീണ്ടും പരിഗണിക്കും.