ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 5 മെയ് 2014 (10:04 IST)
ഇന്ത്യയിലെ രണ്ട് വിദേശ കോണ്‍സുലേറ്റുകളില്‍ ഭീകരാക്രമണം നടത്താന്‍ പാക് ചാരസംഘടനയായ ഐഎസ്ഐ പദ്ധതിയിട്ടു. ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റും ബാംഗ്ലൂരിലെ ഇസ്രായേലി കോണ്‍സുലേറ്റും ആക്രമണം നടത്താനാണ് പദ്ധതിയിട്ടത്.
ചെന്നൈയില്‍നിന്ന് അറസ്റ്റിലായ ഐഎസ്‌ഐ ചാരന്‍ സാക്കിര്‍ ഹുസൈനെ ചോദ്യം ചെയ്തപ്പോഴാണ് വിവരം ലഭിച്ചത്. ഒരു തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യം നടത്തിയ അന്വേഷണത്തിലാണ് ഹുസൈന്റെ പേര് വെളിച്ചത്തുവന്നത്. തുടര്‍ന്ന് അവര്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളെ ബന്ധപ്പെടുകയായിരുന്നു.
കൊളംബോയിലുള്ള പാക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥന്‍ തന്നെ വാടകയ്‌ക്കെടുക്കുകയായിരുന്നുവെന്ന് സാക്കിര്‍ ഹുസൈന്‍ പറഞ്ഞു. ഏപ്രില്‍ 29ന് വിവിധ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയ ഓപ്പറേഷനിലാണ് സാക്കിര്‍ അറസ്റ്റിലായത്. മാലിദ്വീപില്‍നിന്ന് ചെന്നൈയിലേക്ക് ഐഎസ്ഐ രണ്ടുപേരെ അയയ്ക്കാന്‍ പദ്ധതിയിട്ടിരുന്നു. ഇവര്‍ക്കുവേണ്ട യാത്രാരേഖകളും
ഒളിസങ്കേതങ്ങളും ഏര്‍പ്പാടാക്കാന്‍ സാക്കിര്‍ ഹുസൈനെയാണ് ചുമതലപ്പെടുത്തിയത്.