സജിത്ത്|
Last Modified ചൊവ്വ, 21 ജൂണ്‍ 2016 (17:44 IST)
ലോകത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളടങ്ങിയ ട്രെയിനായ മഹാരാജ എക്‌സ്പ്രസ്സ് ദക്ഷിണേന്ത്യയിലേക്കും സര്‍വീസ് ആരംഭിക്കുന്നു. കൊല്‍ക്കത്തയില്‍നിന്നു ഡല്‍ഹിയിലേക്കായിരുന്നു മഹാരാജാസ് എക്സ്പ്രസിന്റെ ആദ്യ യാത്ര. ഡൽഹിയിൽ നിന്ന് യാത്ര തുടങ്ങി
ഗോവ വഴി അടുത്തവർഷത്തോടെ കേരളത്തിലേക്കെത്തുകയാണ് മഹാരാജാ എക്‌സ്പ്രസ്സെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. കൂടാതെ ഗോവ, കൊങ്കണ്‍, കര്‍ണാടക, കേരള മേഖലയില്‍ പത്ത് റെയില്‍വേ സ്‌റ്റേഷനുകള്‍ അധികമായി ആരംഭിക്കാന്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന് 150 കോടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൊങ്കണ്‍ മേഖലയിലെ ടൂറിസം സാധ്യതകള്‍ കണക്കിലെടുത്താണ് സര്‍വീസ് ആരംഭിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. രാജകീയമായ ഈ യാത്ര ആസ്വദിക്കണമെങ്കിൽ ഏറ്റവും കൂടിയ ക്ലാസിന് 2500 യുഎസ് ഡോളറാണ് ഏകദേശം ഒരു ലക്ഷത്തി ആറുപത്തിയെണ്ണായിരം രൂപ. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കാണെങ്കിൽ പ്രതിദിനം അരലക്ഷം രൂപയുമായിരിക്കും. ഇത്രയും ടിക്കറ്റ് ചാർജ്ജ് കൊടുക്കുന്നതുകൊണ്ട് ഭക്ഷണ-പാനീയങ്ങളെല്ലാം സൗജന്യമാണ്. ഡൈനിങ്ങും ബാറും എല്ലാം ഈ ട്രെയിനിലുണ്ട്. എട്ട് ദിവസത്തെ യാത്രയാണ് ഓരോ തവണയും ഈ ട്രെയിന്‍ പൂര്‍ത്തിയാക്കുന്നത്.
ഐആർസിടിസിയാണ് ഈ ടൂറിസ്റ്റ് ട്രെയിനിന്റെ ഉടമസ്ഥർ. സമ്പന്നരായ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ദക്ഷിണേന്ത്യന്‍ മേഖലയിലേക്കുള്ള ഈ സര്‍വീസ് നടത്തുന്നത്. 88 യാത്രക്കാരെ മാത്രമാണ് ഈ ട്രെയിൻ വഹിക്കുക. അഞ്ച് ഡീലക്‌സ് കാറുകള്‍, ആറ് ജൂനിയര്‍ സ്യൂട്ട് കാറുകള്‍, രണ്ട് സ്യൂട്ട് കാറുകള്‍, ഒരു പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് കാര്‍, ഒരു ബാര്‍, രണ്ട് റെസ്റ്ററന്റുകള്‍ എന്നിവയാണ് ഈ ആഢംബര ട്രെയിനിലുള്ളത്. ലോകമെങ്ങും ലഭ്യമാകുന്ന വൈനും മദ്യവും ലഭിക്കുന്ന സഫാരി ബാറും ട്രെയിനിലുണ്ടാകും.
തുടര്‍ച്ചയായി നാല് വര്‍ഷം ലോകത്തെ മികച്ച ലക്ഷ്വറി ട്രെയിനിനുള്ള പുരസ്‌കാരം മഹാരാജ എക്‌സ്പ്രസ്സിനായിരുന്നു. ഒരോ കാബിനുകളിലും പ്രത്യേകം ശീതോഷ്ണ സംവിധാനം,എൽസിഡി ടിവി, ഡയറക്ട് ഡയൽ ടെലഫോൺ, ഇന്റർനെറ്റ്, ഡെഡിക്കേറ്റഡ് ബട്ലര് സർവീസ്, ബെഡ്.ലൈവ് ടിവി എന്നിവയുണ്ട്. സൗത്ത് ആഫ്രിക്കയുടെ ബ്ലൂ ട്രെയിന്‍, റോവോസ് റെയിലിന്റെ പ്രൈഡ് ഓഫ് ആഫ്രിക്ക, യൂറോപ്പ് ആന്റ് തുര്‍ക്കിയുടെ ഓറിയന്റ് എക്‌സ്പ്രസ് എന്നിവയാണ് ഇത്തരത്തിൽ ആഢംബര യാത്ര നൽകുന്ന മറ്റ് രാജ്യങ്ങളിലെ ട്രെയിനുകൾ.