ദേശീയ വനിതാ വോളിബോള്‍ താരം അരുണിമ സിന്‍ഹ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതു മൂലമോ അല്ലെങ്കില്‍ അപകടത്തില്‍ പെട്ടതുകൊണ്ടോ ആണ് കാല് നഷ്ടമായതെന്ന് റയില്‍വെ പൊലീസ്. എന്നാല്‍, പൊലീസ് മന:പൂര്‍വം കള്ളം പറയുകയാണെന്ന് അരുണിമ പൊലീസിന്റെ കണ്ടെത്തലിനോട് പ്രതികരിച്ചു.
ട്രെയിനിനുള്ളില്‍ മോഷണ ശ്രമമോ മറ്റ് അക്രമസംഭവങ്ങളോ നടന്നിട്ടില്ല എന്ന നിലപാടിലാണ് റയില്‍വെ പൊലീസ്. ഇതിനായി പ്രത്യേക സാക്ഷികള്‍ ആരും ഇല്ല. പോരാത്തതിന് അരുണിമയെ ട്രാക്കില്‍ നിന്ന് 16 അടി അകലെയാണ് കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു. ട്രെയിനില്‍ നിന്ന് അക്രമികള്‍ തള്ളിയിട്ടതാണെങ്കില്‍ ഇത്രയും ദൂരെ വീഴില്ല എന്നാണ് പൊലീസിന്റെ നിഗമനം. പൊലീസ് റിപ്പോര്‍ട്ട് ഇത്തരത്തിലായതിനാല്‍ അരുണിമയ്ക്ക് റയില്‍വെ നല്കിയ ജോലി വാഗ്ദാനം പിന്‍വലിക്കാനും സാധ്യതയുണ്ട്.
എന്നാല്‍, സംഭവം നടക്കുന്ന സമയത്ത് തന്റെ കമ്പാര്‍ട്ട്മെന്റില്‍ പൊലീസുകാര്‍ ഇല്ലായിരുന്നു. പൊലീസിന് സത്യം അറിയില്ല എന്നും അരുണിമ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറയുന്നു. താന്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് പരീക്ഷയ്ക്ക് പോവുകയായിരുന്നു എന്ന വാര്‍ത്തയും അരുണിമ നിഷേധിച്ചു. താന്‍ അര്‍ദ്ധ-സൈനിക വിഭാഗത്തിലേക്കുള്ള ജോലിക്ക് അപേക്ഷിക്കുന്നതിന് തന്റെ ജനനത്തീയതി ശരിയാക്കുന്നതിനായി ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു എന്നും ഇവര്‍ വ്യക്തമാക്കുന്നു.
ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന തന്നെ പദ്മാവതി എക്സ്പ്രസ് ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ നിന്ന് മൂന്നംഗ അക്രമി സംഘം മോഷണ ശ്രമത്തിനിടെ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് അരുണിമ മൊഴി നല്‍കിയിരുന്നത്. പരുക്കേറ്റ അരുണിമയുടെ ഇടതുകാല് മുറിച്ചു മാറ്റിയിരുന്നു. ഇപ്പോള്‍ ഇവര്‍ ന്യൂഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ്.