അമ്മായിയമ്മയേയും യുവാവിനേയും കൊലപ്പെടുത്തിയ ശേഷം മരുമകന്‍ പൊലീസില്‍ കീഴടങ്ങി. നഗരത്തിലെ ന്യൂ ബാങ്ക് കോളനിയിലാണ് കൊലപാതകങ്ങള്‍ നടന്നത്. അമ്മായിഅമ്മയെയും ഭാര്യയുടെ കാമുകനെന്ന് സംശയിക്കുന്ന യുവാവിനെയും മുന്‍വൈരാഗ്യം മൂലമാണ് ലോകേഷ് എന്നയാള്‍ കൊലപ്പെടുത്തിയത്.
സ്വന്തം വീട്ടില്‍ നിന്നു പുറത്താക്കപ്പെട്ട ലോകേഷ് ഭാര്യാ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. നിരന്തരം ഭാര്യയെ സംശയിച്ചിരുന്ന ലോകേഷ് വീട്ടില്‍ അടിക്കടി വഴക്കിടുമായിരുന്നു. ഇയാള്‍ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്. തുടര്‍ന്ന് ഭാര്യ ഇയാളെ ഒഴിവാക്കാന്‍ മുതിര്‍ന്നു. ഇതിന് കാരണം അമ്മായിയമ്മയെന്ന് വിശ്വസിച്ചാണ് ലോകേഷ് അവരെ കൊലപ്പെടുത്തിയത്. ആരുമില്ലാതിരുന്ന സമയത്തായിരുന്നു കൊല.
തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് തന്റെ ഭാര്യ കാമുകനെന്ന് സംശയിക്കുന്ന അനിലിന്റെ കൊലപാതകം ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. കൊലയ്ക്കുശേഷം മൃതദേഹം തുറഹള്ളി കാട്ടില്‍ ഉപേക്ഷിച്ചിരുന്നു. പ്രതി പൊലീസ് കസ്റ്റഡിയിലാണ്.