സത്യവും മിഥ്യയും സൗന്ദര്യവും കാല്പനികതയും ഇഴപിരിഞ്ഞു കിടക്കുന്ന പ്രാചീന പ്രതീകങ്ങളുടെ - പുരാരൂപങ്ങളുടെ ലോകത്തേക്ക് പുറപ്പെട്ടു പോയവരില്‍ ഒരാളാണ് വെട്ടം മാണി.അദ്ദേഹത്തിന്‍റെ ജന്മ സാഫല്യമാണ് പുരാണ നിഘണ്ടു എന്ന വിജ്ഞാന കോശം,
പതിമൂന്നു വര്‍ഷത്തെ ഉറങ്ങാത്ത രാത്രികള്‍ വെട്ടം മാണിയുടെ ആരോഗ്യത്തെ കാര്‍ന്നുതിന്നു. പക്ഷെ നിശ്ഛയദാര്‍ഢ്യം അദ്ദേഹം കൈവിട്ടില്ല. 1964 ഫെബ്രുവരിയില്‍ വിജ്ഞാന കോശത്തിന്‍റെ ആദ്യ പതിപ്പ് പുറത്തിറങ്ങി.
ഭാരതീയ ഭാഷകളില്‍ ആദ്യത്തേതായിരുന്നു ഇത്തരമൊരു പുരാണ നിഘണ്ടു. ദില്ലിയിലെ മോട്ടിലാല്‍ ബനാറസി ദാസ് എന്ന അന്തര്‍ദേശീയ പ്രസിദ്ധീകരണ ശാല അതിന്‍റെ ഇംഗ്ളീഷ് പരിഭാഷ പ്രസിദ്ധപ്പെടുത്തി.
ഹിന്ദുക്കളുടെ പുരാണേതിഹാസങ്ങളില്‍ ഒരു കൃസ്ത്യാനി നിഷ്ണാതനാവുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ മാണിയുടെ പുരാണ നിഘണ്ടു വായിച്ചാലറിയാം അദ്ദേഹം ഏതു ഹൈന്ദവ പണ്ഡിതനേക്കാളും അറിവുള്ള ആളായിരുന്നുവെന്ന്.
1964 ല്‍ പുറത്തിറക്കിയ പുരാണീയ എന്‍സൈക്ളോപീഡിയ്ക്ക് അവതാരിക എഴുതിയ മഹാപ്രതിഭയായ പുത്തേഴത്ത് രാമന്‍ മേനോന്‍ ഇക്കാര്യം സമ്മതിക്കുകയും വെട്ടം മാണിയുടെ അറിവിനു മുമ്പില്‍ തലകുനിക്കുകയും ചെയ്യുന്നു.