1930 സെപ്റ്റംബര്‍ 12ന് ആലപ്പുഴ ജില്ലയിലെ കാവാലത്തു ജനിച്ച അയ്യപ്പപ്പണിക്കര്‍ കോഴിക്കോട് മലബാര്‍ ക്രിസത്യന്‍ കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടി. അധ്യാപനത്തിലെ ബിരുദാന്തര പഠനം ഹൈദരാബാദിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷിലായിരുന്നു.
കേരളാ സര്‍വ്വകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം തലവനും ഡീനുമായിരുന്നു.
കുരുക്ഷേത്രം, ഗോത്രയാനം, അയ്യപ്പപ്പണിക്കരുടെ കൃതികള്‍ 1951-60, അയ്യപ്പപ്പണിക്കരുടെ കൃതികള്‍ 1981-89, അയ്യപ്പപ്പണിക്കരുടെ കൃതികള്‍ 1960-81 തുടങ്ങിയവ പ്രധാന കൃതികളാണ്.
മരണഭീതിയും ദുരന്തബോധവും ജീവിതരതിയും അസ്തിത്വസന്ദേഹങ്ങളും സംത്രാസവും കൂടിക്കുഴഞ്ഞു കിടക്കുന്ന, ആധുനികതയുടെ ഭാവമേഖലകള്‍ അനാവരണം ചെയ്ത ടി.എസ്. എലിയറ്റിന്റെ വേസ്റ്റ് ലാന്‍ഡിന്റെ വിവര്‍ത്തനമായിരുന്നു അയ്യപ്പപ്പണിക്കര്‍ ആധുനികതയ്ക്കും മലയാളകവിതയ്ക്കും നല്‍കിയ ആദ്യ സംഭാവന. പിന്നീട് കുരുക്ഷേത്രവും ആധുനികത പ്രകടിപ്പിച്ചു.
ലേഖനങ്ങളിലൂടെയും കാര്‍ട്ടൂണ്‍കവിതകളിലൂടെയും ഈ കവി നിരന്തരം ആധുനികതയുടെ വക്താവാകുകയും അതിനെ പിന്തുടര്‍ന്നുവന്ന ഉത്തരാധുനികതയെ പരിചയപ്പെടുത്തുകയും പോഷിപ്പിക്കുകയും ചെയ്തു.