കാവ്യബിംബങ്ങള്‍ അനുഭവങ്ങളുമായി

WEBDUNIA|

മാസ്റ്റര്‍പീസായ നാറാണത്ത് ഭ്രാന്തന്‍ എഴുതാനുണ്ടായ സാഹചര്യം ?

നാറാണത്തുഭ്രാന്തന്‍ എഴുതാനുണ്ടായ സാഹചര്യം ഈ ആധുനികകാല ജീവിതമാണ്. ഈ നാട്ടിലെ ജനവര്‍"ങ്ങള്‍ രാഷ്ട്രീയ രംഗങ്ങളിലെ ഉപജാപങ്ങള്‍, അടവുകള്‍, രാഷ്ട്രത്തില്‍ എല്ലായിടത്തും നടത്തിവരുന്ന വിഭജനങ്ങള്‍, മനുഷ്യന്‍റെ മതം, മാത്സര്യം, സാഹോദര്യത്തിന്‍റെ പേരിലുള്ള വിളവെടുപ്പുകളും മുതലെടുപ്പുകളും ഇങ്ങനെ ഇതെല്ലാം കൂടിക്കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും വേണ്ടിയെന്നോണം എന്നില്‍ ഒരു ഭ്രാന്തന്‍ ഉണര്‍ന്നു എന്നതാണ് സത്യം.

ഈ കവിത ജീവിതവുമായി എത്രമാത്രം സാമീപ്യം പുലര്‍ത്തുന്നു ?

ഒരെഴുത്തുകാരന്‍റേയും ജീവിതവുമായി ബന്ധപ്പെടാതെ ഒരു കൃതിയും ഉണ്ടാവില്ല. പക്ഷേ സമ്പൂര്‍ണ്ണമായും ആ ഒരെഴുത്തുകാരന്‍റെ ജീവിതമാണ് എല്ലാ കൃതിയും എന്നു കരുതാനും പാടില്ല. ഏതെങ്കിലും വിധത്തില്‍ എന്‍റെ പ്രത്യക്ഷാനുഭവവും പരോക്ഷാനുഭവവും ഭാവനാനുഭവവും എല്ലാം ചേര്‍ന്നതാണ് ഈ കവിത.

മിക്ക കവിതകളും പുരാണ കഥാപാത്രങ്ങളെയോ മിത്തുകളെയോ ആധാരമാക്കിയുള്ളതാണല്ലോ. ഇതിന് പ്രത്യേകിച്ച് കാരണമെന്താണ് ?

അങ്ങനെ നിരാധാരമായൊരു ഭാഷയില്ല. ഭാഷയില്‍ സമ്പൂര്‍ണ്ണമായിട്ടും ഓരോ പദവും, ഓരോ സങ്കല്പത്തിലോ ചരിത്രത്തിലോ പുരാണത്തിലോ ഉള്ള ഒരു ഭാ വത്തിന്‍റെയോ പ്രതിനിധിയാണ്. ഓരോ വാക്കും ഓരോ രൂപകമാണെന്നു പറയാം. ഒരു മെറ്റഫര്‍. ഓരോ വാക്കും ഒരു ബിംബമാണ്.

ഭൂതകാലമില്ലാതെ ഭാഷയില്ല, ഭൂതകാലം ഏറ്റവും സമൃദ്ധമായിട്ടുള്ള നാടാണ് ഭാരതം. മറ്റുള്ളിടങ്ങളില്‍ ആ സമൃദ്ധി വളരെ കൂടുതലാണ്. അത്തരം ഭാഷയില്‍ സമൃദ്ധമായ ഭൂതകാല കഥകള്‍, മിത്തുകള്‍ അല്ലെങ്കില്‍ പഴയ സങ്കല്‍പങ്ങള്‍ ഇതൊക്കെ സ്വീകരിച്ചാണ് ആധുനിക കാലം ആശയങ്ങളെ ആവിഷ്കരിക്കുന്നത്.

ഒരു ബിംബം ഒരുപാട് ധ്വനികള്‍ തരുന്നതാണ്. നമ്മുടെ ഭൂതകാല ബിംബങ്ങളെ പലരും പല രീതിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തിട്ടുണ്ട്. പക്ഷെ അതിനുള്ളില്‍ വേറെയും സത്യങ്ങള്‍ ഉണ്ട് എന്നു തോന്നി. ഇത്തരം സത്യങ്ങളെ ആവിഷ്കരിക്കാന്‍ ഈ കഥാബിംബങ്ങളെ സ്വീകരിക്കുക എന്നു പറയുന്നത് വളരെ നന്നായിരിക്കും. പ്രത്യേകിച്ച് എന്നെ സംബന്ധിച്ച് ഞാനിതൊന്നും ബോധപൂര്‍വം സ്വീകരിക്കുന്നതല്ല.

ഒരു ആശയം, സന്ദര്‍ഭം ഉണ്ടാകുമ്പോള്‍ ആ അനുഭവത്തിന്‍റെ കൂടെച്ചേര്‍ന്ന് ആ കഥാപാത്രങ്ങളോ കഥാസന്ദര്‍ഭങ്ങളോ പൂര്‍വകാല ബിംബങ്ങളോ നമ്മുടെ ഉള്ളിലേക്ക് കടന്നുവരുന്നു. ഈ കടന്നു വരുന്നവയെ ആ രീതിയില്‍ ആവിഷ്കരിക്കുന്നതെന്നാണ് സത്യം.

ഗാന്ധര്‍വം, ഗാന്ധി, സന്താനഗോപാലം ഇവ എഴുതാനുള്ള സാഹചര്യമെന്ത് ?

ഗാന്ധര്‍വം, ശാകുന്തളം എന്ന കാളിദാസ കൃതിയോടുള്ള ആരാധനയില്‍ നിന്നു ജനിച്ചതാണ്. കാളിദാസ കൃതിയെ ആളുകള്‍ ഇന്ന് വേണ്ടരീതിയില്‍ ഗൗനിക്കുന്നില്ല എന്നു തോന്നി. ശാകുന്തളം, ഒരു രാഷ്ട്ര മീമാംസകൂടിയാണ്. അതൊരു പാരിസ്ഥിതിക കൃതികൂടിയാണ്. അല്ലെങ്കില്‍ പ്രപഞ്ച സുസ്ഥിതിക്കു വേണ്ടിയിട്ടുള്ള ഉദാത്തമായ ദര്‍ശനമാണ്. അ ദര്‍ശനത്തെ ആവിഷ്കരിക്കാനുള്ള എന്‍റെ ഏറെക്കാലം നീണ്ടുനിന്ന അഭിവാഞ്ഛ അല്ലെങ്കില്‍ അത്യാഗ്രഹമാണ് ഗാന്ധര്‍വം എന്ന കവിതയായി വന്നത് എന്നതാണ് ശരി.

സന്താനഗോപാലം ഒരു ആകസ്മികമായ സംഭവം എന്‍റെ ഉള്ളില്‍ ഉളവാക്കിയ ആവേശം കൊണ്ട് എഴുതിയതാണ്. ലോകത്തെമ്പാടും പലരീതിയില്‍ പീഢിപ്പിക്കപ്പെടുന്ന ദുരുപയോഗം ചെയ്യപ്പെടുന്ന കുഞ്ഞുങ്ങളെക്കുറിച്ചുള്ള ചിന്തയുണ്ടായിട്ടുണ്ട്. ആ കുഞ്ഞുങ്ങളുടെ രക്ഷകനാണ് എന്ന അന്വേഷണമുണ്ടായിട്ട് എഴുതിയതാണ് സന്താനഗോപാലം എന്ന കവിത.

ഗാന്ധി ഈ കാലത്ത് നാം വിസ്മരിച്ചു പോയ ഒരു എല്ലു മനുഷ്യനെക്കുറിച്ചുള്ള കവിതയാണ്. ഇന്ന് ഇന്ത്യയ്ക്കു ഒരു ഗാന്ധിയെ ആവശ്യമാണെന്നു തോന്നി. ഗാന്ധിയായി വരുന്നവരാരും ഗാന്ധിയല്ല എന്നെനിക്കു മനസ്സിലായി.

യഥാര്‍ത്ഥ ഗാന്ധിയുടെ പേരുതൊട്ട് ദിവ്യത്വം ഉണ്ടാക്കിയെടുക്കുന്ന ഒരുപാടു കോലങ്ങള്‍ ഇന്ത്യയിലുണ്ടായിട്ടുണ്ട്. ഇതെല്ലാം പ്രച്ഛന്ന വേഷങ്ങളാണ്. യഥാര്‍ത്ഥ ഗാന്ധി എന്നു പറയുന്നതിന്ത്യയുടെ ആത്മാവാണ്. ഇന്ത്യയുടെ ആത്മാവിനെ ശരിയായി അറിയുന്ന സാമൂഹികപ്രവര്‍ത്തകരും ഭരണക്കാരും നമുക്കിനിയുണ്ടാകണം.

സംസ്കാര നേതാക്കന്മാരും അങ്ങനെ തന്നെയുണ്ടാവണമെന്നു ഞാന്‍ വിചാരിക്കുന്നു. കാരണം ഇന്ത്യയുടെ പൗരാണികവും ഈ അടുത്തകാലം വരെയുള്ളതുമായ നന്മയുടെ സത്ത മുഴുവനും എടുത്തിട്ടാണ് ഒരു ഗാന്ധി എന്നയാളുണ്ടായതെന്ന് ഞാന്‍ വിചാരിക്കുന്നു.

ഗാന്ധിയുടെ ജീവിതം മുഴുവനും പരിശോധിച്ച ശേഷമാണ് ഞാന്‍ ഈ കവിത എഴുതിയത്. ഇന്ത്യയുടെ ഈ ആളിക്കത്തുന്ന പ്രളയാഗ്നിയുടെ മുകളിലൂടെ നടന്നുപോകാന്‍ ഒരു ഗാന്ധി വേണം എന്നാഗ്രഹം കൊണ്ടാണ് എഴുത്തിനുമപ്പുറത്തെപ്പോഴും എഴുതിക്കൊണ്ടിരിക്കുന്ന ഗാന്ധിയെക്കുറിച്ച് ഒരു കവിത എഴുതിയത്.

പൂമുഖം തുടങ്ങാനുള്ള സാഹചര്യവും അതിന്‍റെ പ്രവര്‍ത്തനങ്ങളെയും ഭാവി പരിപാടികളെയും പറ്റിയും വിശദമാക്കാമോ ?

ഞാന്‍ അധ്യാപനായിരുന്ന തുമ്പ സെന്‍റ് സേവിയേഴ്സ് കോളേജില്‍ മലയാളം വിഭാഗത്തിന് ഒരു പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുണ്ടായതാണ് പൂമുഖം. എല്ലാവര്‍ക്കും ഒത്തുകൂടാനുള്ള ഒരു പൂമുഖമായി ഇരിക്കുന്നത് നല്ലതാണ്.

ഭാവിയില്‍ ഒത്തിരിപ്പേര്‍ അതില്‍ അംഗങ്ങളാകുകയും അവരെല്ലാം ഹൃദയം കൊണ്ട് ഒന്നിക്കുകയും പരസ്പരം ബന്ധം പുലര്‍ത്തുകയും പരസ്പരം ചിന്തിച്ചും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചും മലയാള സംസ്കാരത്തിനും, മലയാള സാഹിത്യത്തിനും പിന്നെ എവിടെ ജീവിക്കുന്നുവോ അവിടെയെല്ലാം ജീവിക്കുന്ന മനുഷ്യന്‍റെ സംസ്കാരത്തിനും വേണ്ടി ഈ സംഘടന പ്രവര്‍ത്തിക്കണമെന്നാണ് എന്‍റെ ആഗ്രഹം.

അത് സഫലമായാല്‍ എല്ലാവര്‍ക്കും അതൊരു പുണ്യമായി. ഈ പൂമുഖത്തില്‍ നിന്ന് കടന്നുപോയ കുട്ടികള്‍ക്ക് തന്നെ മറ്റു കുട്ടികള്‍ക്ക് മാര്‍"നിര്‍ദ്ദേശം നല്‍കുവാനും ഒരു തൊഴില്‍ കണ്ടെത്തിക്കൊടുക്കനും സാധിക്കും. ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ പങ്കെടുക്കാനും സാധിക്കും.

അദ്ധ്യാപകനെന്ന നിലയില്‍ വിദ്യാര്‍ത്ഥികളോട് പറയാനുള്ളതെന്താണ് ?

ക്ഷീണിക്കാതെ പ്ര വര്‍ത്തിച്ചുകൊണ്ടിരിക്കുക, ആത്മവിശ്വാസം നഷ്ടപ്പെടാതെ സൂക്ഷിക്കുക, നൈരാശ്യം വരാതിരിക്കുക, സത്യം കളയാതിരിക്കുക, നല്ലതിനെയെല്ലാം സ്നേഹിക്കുക, പൊല്ലാത്തതിനെ പോലും വെറുക്കാതെ അതിനും നല്ലതു വരാന്‍ പ്രാര്‍ത്ഥിക്കുക, നേര്‍ബുദ്ധിയോടെയും ഊര്‍ജ്ജസ്വലതയോടെയും ജീവിക്കുന്ന ചെറുപ്പക്കാര്‍ക്ക് ഒരിക്കലും ഒരു കുറവും വരികയില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :