തിരക്കഥ എഴുതുന്പോള്‍, എഴുത്തുകാരന്‍റെ തലച്ചോറിലൂടെ സെക്കന്‍റില്‍ ഇരുപത്തിനാലു ഫ്രെയിം എന്ന തോതില്‍ ദൃശ്യങ്ങളോടുന്നു എന്ന് എവിടെയോ വായിച്ചതോര്‍മ്മയുണ്ട്.
നോവലിനോ ചെറുകഥയ്ക്കോ ഉളള മാന്യത തിരക്കഥയ്ക്കു കല്‍പ്പിച്ചു കൊടുക്കാന്‍ സാഹിത്യ നിരൂപകന്മാര്‍ വൈമുഖ്യം പ്രകടിപ്പിച്ചു കാണാറുണ്ട്. എനിക്കു തോന്നുന്നതു ഇതര സാഹിത്യ രൂപങ്ങളുമായി തിരക്കഥയെ താരതമ്യപ്പെടുത്തുന്നതു തന്നെ അര്‍ത്ഥ ശൂന്യമായ ഒരേര്‍പ്പാടാണെന്നാണ്,
കാരണം സാഹിത്യം പോലെ തന്നെ കടലാസ്സില്‍ വാക്കുകളിലൂടെ എഴുതപ്പെടുന്നു. എന്നതിനപ്പുറത്ത്, തിരക്കഥയ്ക്കു സാഹിത്യവുമായി വലിയ ബന്ധമൊന്നുമില്ല, ഇതര സാഹിത്യ രൂപങ്ങളെക്കാളേറെ അടുത്തു നില്‍ക്കുന്നത്. ചിത്രകല, ഫോട്ടോഗ്രാഫി, എഡിറ്റിംഗ്, വര്‍ണ്ണങ്ങള്‍, നിശബ്ദത തുടങ്ങിയവയോടാണ്.
എഴുതുന്ന വരികള്‍ പലപ്പോഴും ലൊക്കെഷനില്‍ ആവശ്യമില്ലാതെ വരുന്നു. എഡിറ്റിംഗ് ടേബിളില്‍ അവയില്‍ പലതും അര്‍ത്ഥശൂന്യമായി മാറുന്നു. സിനിമയുടെ ബ്ളൂ പ്രിന്‍റാണ് തിരക്കഥ. ചലച്ചിത്ര സ്രഷ്ടാവിന്‍റെ മനസ്സിലായാലും കടലാസ്സിലായാലും നല്ലൊരു തിരക്കഥ മൂര്‍ത്ത രൂപം പ്രാപിച്ചു കഴിഞ്ഞതിനു ശേഷം മാത്രമേ നല്ലൊരു സിനിമയുടെ ആദ്യ സ്പന്ദനങ്ങള്‍ ശ്രവിക്കാന്‍ സാധിക്കൂ.
പാന്പിന്‍ മുട്ടയുടെ സുതാര്യതയ്ക്കിടയില്‍ ദൃശ്യമാവുന്നത്. പിന്നീട് ഏഴഴകും വിശി വരുന്ന ചന്ദ്രക്കലയും കരുത്തും മൂര്‍ച്ചയുമുളള കുഞ്ഞരിപ്പല്ലുകളുമാണ്. അതു പോലെ നല്ല ഒരു തിരക്കഥ ശ്രദ്ധാപൂര്‍വ്വം വായിച്ചു പോകുന്ന ഒരാളിന് പിന്നീടതില്‍ നിന്നു വിരിഞ്ഞുവരാന്‍ പോകുന്ന സിനിമയുടെ പൂര്‍ണ്ണ രൂപം അനുഭവവേദ്യമാകാതിരിക്കുകയില്ല.