കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഗാനരചനയും സംഗീത സംവിധാനവും തല്‍ക്കാലം അവസാനിപ്പിച്ച് സിനിമ സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ് എന്നത് സിനിമാപ്രേമികള്‍ക്ക് അറിവുള്ള കാര്യം. എന്നാല്‍ സംവിധാനത്തിനിടെ കൈതപ്രം ഒരു പാട്ടെഴുതി. ആദ്യവരി ഇങ്ങനെയാണ് - “ചെന്നിത്തല വരുന്നല്ലോ...”. ഇതെന്തുപാട്ട്? കൈതപ്രത്തിന് എന്തുപറ്റി? എന്നൊക്കെ ചോദിക്കാന്‍ വരട്ടെ. തന്‍റെ സുഹൃത്തായ രമേശ് ചെന്നിത്തലയ്ക്കായി കൈതപ്രം സ്നേഹത്തോടെ എഴുതിയ ഗാനമാണിത്.
ഹരിപ്പാട് നിയോജകമണ്ഡലത്തില്‍ രമേശ് ചെന്നിത്തലയുടെ പ്രചരണ ഗാനമായി ഇത് ഉപയോഗിക്കും. ഇതുള്‍പ്പടെ കൈതപ്രവും വയലാര്‍ ശരത്ചന്ദ്രവര്‍മയും രചിച്ച ‘ചെന്നിത്തലഗീതങ്ങ’ളുടെ സി ഡി തയ്യാറായിരിക്കുകയാണ്. കോണ്‍ഗ്രസിലെ പുതിയ താരസാന്നിധ്യമായ സിന്ധുജോയിയാണ് സി ഡിയുടെ പ്രകാശനം നിര്‍വഹിച്ചത്.
കൈതപ്രവും വയലാര്‍ ശരത്തും മാത്രമല്ല, പ്രമുഖരായ ഗാനരചയിതാക്കളെല്ലാം തന്നെ തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ക്ക് രചന നിര്‍വഹിക്കുന്ന തിരക്കിലാണ്. സിനിമയ്ക്ക് പാട്ടെഴുതുന്നതിനേക്കാള്‍ കൂടുതല്‍ തുക തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടാക്കാം എന്നതാണ് ഗാനരചയിതാക്കളെ ഈ വഴി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്.
എന്തായാലും തെരഞ്ഞെടുപ്പില്‍ വിജയിച്ചാലും ഇല്ലെങ്കിലും ഏറ്റവും മികച്ച ഗാനങ്ങള്‍ തന്നെ തങ്ങള്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെടണമെന്ന് ഓരോ സ്ഥാനാര്‍ത്ഥിയും ആഗ്രഹിക്കുന്നു. ഗാനരചയിതാക്കള്‍ക്കും സംഗീതസംവിധായകര്‍ക്കും ചാകരക്കാലമാണെന്ന് പറയാതെ വയ്യല്ലോ.