‘കോ’ - ചിമ്പുവിന് കനത്ത നഷ്ടം!

WEBDUNIA|
PRO
‘അയന്‍’ എന്ന മെഗാഹിറ്റിന് ശേഷം കെ വി ആനന്ദ് സംവിധാനം ചെയ്ത ‘കോ’ തമിഴ്നാട്ടില്‍ മെഗാഹിറ്റായി മാറുകയാണ്. എല്ലാ കേന്ദ്രങ്ങളില്‍ നിന്നും ചിത്രത്തിന് ഗംഭീര റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. ചിത്രത്തില്‍ പ്രസ് ഫോട്ടോഗ്രാഫറായി വേഷമിട്ട ജീവയ്ക്ക് ഈ സിനിമ വന്‍ ബ്രേക്കാണ് നല്‍കുന്നത്. സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുള്ള തന്‍റെ കുതിപ്പിന് ‘കോ’ ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ‘കോ’യുടെ മെഗാവിജയം ഏറ്റവും വലിയ നഷ്ടമുണ്ടാക്കിയിരിക്കുന്നത് ചിലമ്പരശനാണ്. ഈ ചിത്രത്തിലേക്ക് ആദ്യം ആനന്ദ് പരിഗണിച്ചത് ചിമ്പുവിനെയാണ്. എന്നാല്‍ നായികയെ മാറ്റണം എന്നതുള്‍പ്പടെയുള്ള ചിമ്പുവിന്‍റെ ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ സംവിധായകന്‍ തയ്യാറായില്ല. ഒടുവില്‍ ചിമ്പുവിന് പകരം ജീവ വന്നു. ജീവയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി കോ മാറുകയും ചെയ്തു.

മുമ്പും തമിഴ് സിനിമയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ‘പയ്യ’ എന്ന മെഗാഹിറ്റിന് ശേഷം ചിലമ്പരശനെ നായകനാക്കി ‘വേട്ടൈ’ എന്ന പടം ലിംഗുസാമി പ്ലാന്‍ ചെയ്തു. എന്നാല്‍ ചിമ്പുവിന്‍റെ പെരുമാറ്റം സഹിക്കാനാകാതെ ലിംഗുസാമി ആര്യയെ നായകനാക്കി. ആ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. എന്തായാലും ‘വേട്ടൈ’യെ തകര്‍ക്കാനായി ചിമ്പു തന്‍റെ പുതിയ ചിത്രത്തിന് ‘വേട്ടൈ മന്നന്‍’ എന്ന് പേരിട്ടിരിക്കുകയാണ്.

ചരിത്രവിജയമായ പരുത്തിവീരനിലേക്ക് ആദ്യം പരിഗണിച്ചത് ഇളയദളപതി വിജയിനെയാണ്. എന്നാല്‍ ഒരു ഗ്രാമീണ കഥയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ലെന്ന് വിജയ് അമീറിനെ അറിയിച്ചു. തുടര്‍ന്ന് കാര്‍ത്തി ചിത്രത്തില്‍ നായകനാകുകയും പരുത്തിവീരന്‍ വന്‍ വിജയം നേടുകയും ചെയ്തു.

ത്രീ ഇഡിയറ്റ്സ് തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ ഷങ്കര്‍ തീരുമാനിച്ചപ്പോള്‍ നായകനായി മനസില്‍ കണ്ടത് സൂര്യയെയായിരുന്നു. എന്നാല്‍ സൂര്യ താല്‍പ്പര്യം കാണിക്കാതിരുന്നപ്പോള്‍ വിജയ് നായകനായി മാറി. ‘നന്‍‌പന്‍’ എന്ന ആ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.

ഷങ്കര്‍ സംവിധാനം ചെയ്ത ‘മുതല്‍‌വന്‍’ രജനീകാന്തിനെ മനസില്‍ കണ്ട് രചിച്ച സിനിമയായിരുന്നു. രജനി ‘നോ’ പറഞ്ഞപ്പോള്‍ അര്‍ജുന്‍ നായകനാകുകയും വന്‍ ഹിറ്റായി മാറുകയും ചെയ്തു. ഷങ്കറിന്‍റെ തന്നെ ‘യന്തിരന്‍’ കമലഹാസനെ തേടിയാണ് ആദ്യമെത്തിയത്. കമല്‍ വേണ്ടെന്നു വച്ചപ്പോള്‍ യന്തിരന്‍ രജനീകാന്തിന്‍റെ ഏറ്റവും വലിയ വിജയചിത്രമായി. കെ എസ് രവികുമാര്‍ സംവിധാനം ചെയ്ത ജഗ്ഗുഭായിയില്‍ രജനീകാന്ത് ആണ് നായകനാകേണ്ടിയിരുന്നത്. രജനി ബിസിയായതിനാല്‍ ശരത്കുമാറിനെ നായകനാക്കി. പക്ഷേ ബോക്സോഫീസില്‍ ജഗ്ഗുഭായി തികഞ്ഞ പരാജയമായി.

‘തല’ അജിത്തിനാണ് ഏറ്റവും വലിയ നഷ്ടങ്ങള്‍ പിണഞ്ഞിട്ടുള്ളത്. ബാല ‘നാന്‍ കടവുള്‍’ എടുത്തപ്പോള്‍ നായകനായി അജിത്തിനെയാണ് തീരുമാനിച്ചത്. ആ ചിത്രത്തിനായി അജിത് മുടി നീട്ടിവളര്‍ത്തിയതു മാത്രം മിച്ചം. അജിത്തിനെ ഒഴിവാക്കി ബാല ആര്യയെ നായകനാക്കി. നാന്‍ കടവുള്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.

ഷങ്കറിന്‍റെ ‘ജീന്‍സ്’ ആദ്യം അജിത്തിനെ നായകനാക്കി എടുക്കാനിരുന്നതാണ്. അജിത് പിന്‍‌മാറിയപ്പോള്‍ പ്രശാന്ത് ആ സ്ഥാനത്തെത്തി. എ ആര്‍ മുരുഗദോസ് അജിത്തിനെ നായകനാക്കി എടുക്കാനിരുന്ന പടമാണ് ‘ഗജിനി’. നിര്‍ഭാഗ്യം അജിത്തിനൊപ്പം തന്നെ നിന്നു. ഗജിനിയില്‍ അജിത്തിന് പകരം സൂര്യ നായകനായി. തമിഴകത്തെ വലിയ പണം വാരിപ്പടങ്ങളില്‍ ഒന്നായി ഗജിനി മാറുകയും ചെയ്തു.

അജിത്തിന്‍റെ അമ്പതാം ചിത്രം സംവിധാനം ചെയ്യാനിരുന്നത് ഹിറ്റ്മേക്കര്‍ ഗൌതം വാസുദേവ് മേനോനാണ്. ‘തുപ്പറിയും ആനന്ദ്’ എന്ന ഡിറ്റക്ടീവ് കഥ അജിത്തിനായി ഗൌതം തയ്യാറാക്കുകയും ചെയ്തു. എന്നാല്‍ അജിത്തിന്‍റെ തലക്കനം ഇഷ്ടപ്പെടാതെ ഗൌതം തന്നെ ആ പ്രൊജക്ട് ഒഴിഞ്ഞു. ഇനി സൂര്യ തുപ്പറിയും ആനന്ദിലെ നായകനാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :