ഏറെ പ്രതീക്ഷകളോടെയാണ് 2012ലേക്ക് മലയാള സിനിമാലോകം കടന്നത്. എന്നാല്‍ കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഈ വര്‍ഷം ഇതുവരെ 15 സിനിമകള്‍ റിലീസായി. അതില്‍ പതിനാലും തകര്‍ന്നു. വിജയിച്ചത് ഒരേയൊരു ചിത്രം - മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ സെക്കന്‍റ് ഷോ. ഈ സിനിമ വമ്പന്‍ ഹിറ്റായി മാറുകയാണ്.
12 ദിവസം കൊണ്ട് 3.90 കോടി രൂപയാണ് സെക്കന്‍റ് ഷോ ഗ്രോസ് കളക്ഷന്‍ നേടിയത്. ഈ ലോ ബജറ്റ് ചിത്രം അമ്പത് ദിവസം പൂര്‍ത്തിയാകുമ്പോള്‍ നിര്‍മ്മാതാവിന് കോടികളുടെ ലാഭം ഉണ്ടാകുമെന്നാണ് ട്രേഡ് റിപ്പോര്‍ട്ട്. ഒരു നവാഗതന്‍റെ ചിത്രത്തിന് ഇത്രയും വലിയ സ്വീകരണം ലഭിച്ചത് സിനിമാവൃത്തങ്ങളില്‍ അമ്പരപ്പുളവാക്കിയിട്ടുണ്ട്.
നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ എല്ലാ മേഖലകളിലും പുതുമുഖങ്ങളുടെ ഒരു വലിയ നിര തന്നെയാണ് പ്രവര്‍ത്തിച്ചത്. 126 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ സിനിമയുടെ രണ്ടാം പകുതിയിലെ ഇഴച്ചില്‍ ഒഴിച്ചാല്‍ ‘മികച്ച ചിത്രം’ എന്ന അഭിപ്രായമാണ് പരക്കെ ഉണ്ടായത്.
കാസനോവ, സ്പാനിഷ് മസാല, ഉന്നം, അസുരവിത്ത്, പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍, ഞാനും എന്‍റെ ഫാമിലിയും, കുഞ്ഞളിയന്‍ തുടങ്ങിയ വലിയ സിനിമകള്‍ തകര്‍ന്നപ്പോഴാണ് അവയ്ക്കിടയില്‍ നിന്ന് ഈ ചെറിയ സിനിമ കോടികള്‍ വാരിക്കൂട്ടി വിസ്മയമാകുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി മമ്മൂട്ടിക്ക് ഒരു ഹിറ്റ് ചിത്രം നല്‍കാന്‍ സാധിച്ചിട്ടില്ല. മമ്മൂട്ടിയുടെ മകന്‍ ആദ്യചിത്രത്തിലൂടെ തന്നെ വിജയനായകനെന്ന പദവിയിലെത്തിയിരിക്കുന്നു.