14 കോടി രൂപയായിരുന്നു ആ ചിത്രത്തിന്‍റെ ബജറ്റ്. മമ്മൂട്ടിയും അര്‍ജുനും നായകന്‍മാര്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രമായ ‘യവനിക’യുടെ നിര്‍മ്മാതാവായിരുന്നു നിര്‍മ്മാണം. സ്നേഹ നായികയായി. മലയാളത്തിലും തമിഴിലുമായി 2010 സെപ്റ്റംബര്‍ 17ന് റിലീസ് ചെയ്തു. സിനിമ കണ്ട പ്രേക്ഷകര്‍ ആദ്യദിവസം തന്നെ ചിത്രത്തെ തള്ളിക്കളഞ്ഞു. ബോക്സോഫീസ് ദുരന്തമായ ആ സിനിമയുടെ പേര് - വന്ദേമാതരം!
മമ്മൂട്ടിയുടെ കരിയറില്‍ ഒരു ഗുണവും ചെയ്തില്ല ആ സിനിമ. അല്‍പ്പം ചീത്തപ്പേര് ഉണ്ടാക്കുകയും ചെയ്തു. സിനിമയുടെ പരാജയത്തിന്‍റെ ഉത്തരവാദി മമ്മൂട്ടിയാണെന്ന് ആരോപിച്ച് നിര്‍മ്മാതാവ് രംഗത്തെത്തി. എന്തായാലും ആ സിനിമ മറക്കാനായിരിക്കും മമ്മൂട്ടി പോലും ആഗ്രഹിക്കുക.
ഇപ്പോഴിതാ മമ്മൂട്ടിക്ക് വീണ്ടുമൊരു ‘വന്ദേമാതരം’ കണക്ഷന്‍. എന്നാല്‍ പഴയ വന്ദേമാതരം സിനിമയുമായി ബന്ധപ്പെട്ട കാര്യമൊന്നുമല്ല ഇത്. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ‘വന്ദേമാതരം’ ഒരു മമ്മൂട്ടിച്ചിത്രത്തിലൂടെ പുനര്‍ജ്ജനിക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
മമ്മൂട്ടി നായകനാകുന്ന ‘ന്യൂസ്മേക്കര്‍’ എന്ന സിനിമയിലാണ് വന്ദേമാതരം കേള്‍ക്കാനാകുക. പുതിയ ഓര്‍ക്കസ്ട്രേഷനോടെ വന്ദേമാതരം ഈ ചിത്രത്തിനായി തയ്യാറാക്കുന്നത് സംഗീത സംവിധായകന്‍ രതീഷ് വേഗ. ബ്യൂട്ടിഫുള്‍, കോക്‍ടെയില്‍ തുടങ്ങിയ സിനിമകളുടെ സംഗീതത്തിലൂടെ ആസ്വാദകമനം കവര്‍ന്ന രതീഷ് വേഗ മമ്മൂട്ടിച്ചിത്രത്തിലൂടെ മുന്‍നിരയിലേക്കെത്തുകയാണ്.
മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റ് ആയ ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ന്യൂസ്‌മേക്കര്‍ സംവിധാനം ചെയ്യുന്നത് ദീപനാണ്. ഒരു ചാനല്‍ റിപ്പോര്‍ട്ടറായിട്ടാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. രചന നിര്‍വഹിക്കുന്നത് വിനോദ് ഗുരുവായൂര്‍.