മോഹന്‍ലാലിന്റെ ചുണക്കുട്ടി പ്രിയന്റെ വില്ലന്‍!

കൊച്ചി| ശ്രീകലാ ബേബി|
PRO
PRO
സെലിബ്രറ്റി ക്രിക്കറ്റില്‍ കേരള സ്ട്രൈക്കേഴ്സും മുംബൈ ഹീറോസും തമ്മിലുള്ള മത്സരം നടക്കുംവരെ രാജീവ് പിള്ളയെ മലയാളികളില്‍ അധികമാര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ അര്‍ദ്ധ സെഞ്ച്വറി പ്രകടനത്തിലൂടെ ബോളിവുഡിനെ തകര്‍ത്തപ്പോള്‍ ആരാധകരുടെ മാത്രമല്ല സിനിമാ താരങ്ങളുടേയും ഹീറോയാകുന്ന കാഴ്ചയാണ് കൊച്ചി നെഹ്രു സ്റ്റേഡിയത്തില്‍ കണ്ടത്. ടീം നായകന്‍ മോഹന്‍‌ലാലിനൊപ്പം രാജീവിനെ അഭിനന്ദിക്കാന്‍ മമ്മൂട്ടിയും കളിക്കളത്തിലേക്കെത്തി.

മുംബൈ ഹീറോസിനെതിരെയുള്ള ഒറ്റമത്സരത്തിലൂടെ രാജീവിന് ബോളിവുഡിലേക്കും അവസരം തുറന്നിരിക്കുകയാണ്. ടീം ഉടമയും ഹിറ്റ് മേക്കറുമായ പ്രിയദര്‍ശന്‍ ആണ് രാജീവ് പിള്ളയ്ക്ക് ബോളിവുഡില്‍ അവസരം നല്‍കുന്നത്. പ്രിയദര്‍ശന്റെ അടുത്ത ഹിന്ദി ചിത്രമായ മാലാമാല്‍ വീക്‍ലി-2 എന്ന ചിത്രത്തിലെ വില്ലനായാണ് രാജീവ് പിള്ള ബോളിവുഡിലേക്കെത്തുന്നത്.

ബോളിവുഡ് അവസരം മാത്രമല്ല അഞ്ച് ലക്ഷം രൂപയും രാജീവ് പിള്ളയ്ക്ക് സമ്മാനമായി ലഭിച്ചു. ടീമിന്റെ മുഖ്യ സ്പോണ്‍സറായ പ്രവാസി വ്യവസായി രവി പിള്ളയാണ് രാജീവിന് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്.

മുംബൈ ഹീറോസിനെതിരെ 63 ബോളില്‍ എട്ട് ബൌണ്ടറിയടക്കം പുറത്താകാതെ 75 റണ്‍സ് ആണ് രാജീവ് പിള്ള നേടിയത്. സിസിഎല്ലില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് രാജീവ് നേടിയത്. മത്സരത്തില്‍ മലയാള സിനിമാതാരങ്ങളുടെ ടീമായ കേരള സ്ട്രൈക്കേഴ്സ് ബോളിവുഡ് സിനിമാതാരങ്ങളുടെ ടീമായ മുംബൈ ഹീറോസിനെ പത്ത് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.

മോഡലിംഗിലൂടെയാണ് രാജീവ് പിള്ള സിനിമയിലെത്തുന്നത്. 'സിറ്റി ഓഫ് ഗോഡ് ആണ് ആദ്യ ചിത്രം. ബോംബെ മാര്‍ച്ച് 12, വീണ്ടും കണ്ണൂര്‍ എന്നീ മലയാള ചിത്രങ്ങളിലും രാജീവ് പിള്ള അഭിനയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :