എന്‍റെ ചേച്ചി എന്നെ ശത്രുവായി കാണുന്നു: എം ജി ശ്രീകുമാര്‍

WEBDUNIA|
PRO
തന്‍റെ സഹോദരിയും സംഗീതജ്ഞയുമായ ഡോ. ഓമനക്കുട്ടി തന്നെ ശത്രുവായാണ് കാണുന്നതെന്ന് പ്രശസ്ത ഗായകന്‍ എം ജി ശ്രീകുമാര്‍. താനും ജ്യേഷ്ഠന്‍ എം ജി രാധാകൃഷ്ണനും തമ്മില്‍ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും സഹോദരി മാത്രമാണ് നീരസം പുലര്‍ത്തിയിട്ടുള്ളതെന്നും ശ്രീകുമാര്‍ പറയുന്നു.

‘കന്യക’യ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് എം ജി ശ്രീകുമാര്‍ ഇക്കാര്യം പറയുന്നത്. “ഞാനും ചേട്ടനും തമ്മില്‍ ചെറിയ സൌന്ദര്യപ്പിണക്കങ്ങള്‍ക്ക് അപ്പുറത്ത് ഒരു പ്രശ്നവുമില്ലായിരുന്നു. അച്ഛന്‍റെ സ്ഥാനത്തായിരുന്നു എനിക്ക് ചേട്ടന്‍. ആ സ്നേഹവും ബഹുമാനവും എന്നും മനസിലുണ്ട്. ഞാന്‍ മനസിലാക്കിയിടത്തോളം ചേട്ടനും എന്നോട് വാത്സല്യമുണ്ടായിരുന്നു. എന്നോട് നീരസം പുലര്‍ത്തിയിരുന്നത് മുഴുവന്‍ ചേച്ചിയാണ്” - ശ്രീകുമാര്‍ വ്യക്തമാക്കുന്നു.

“പിന്നണി ഗായകനെന്ന നിലയില്‍ ഞാന്‍ രംഗത്തുവന്ന ഘട്ടത്തില്‍ ചേച്ചിയും ചേട്ടനും അറിയപ്പെടുന്ന സംഗീതജ്ഞരാണ്. കച്ചേരികള്‍ നടത്തിയിരുന്നു. ഒന്നോ രണ്ടോ പടങ്ങളില്‍ പാടിയതോടെ എനിക്കും കച്ചേരികള്‍ക്ക് ഓഫര്‍ വന്നു. ആയിടെ ഒരു പരിപാടിക്ക് എനിക്ക് 5000 രൂപ പ്രതിഫലം കിട്ടി. അക്കാലത്ത് അത് വലിയ തുകയാണ്. ചേച്ചിക്ക് ഇത് രസിച്ചില്ല. അതിലും വളരെ കുറഞ്ഞ തുകയാണ് ചേച്ചി വാങ്ങിയിരുന്നത്. പലരോടും ‘അവന്‍ അയ്യായിരം രൂപയാണ് വാങ്ങുന്നത്’ എന്ന് ചേച്ചി പറഞ്ഞതായി ഞാനറിഞ്ഞു. അന്നുമുതല്‍ അവര്‍ എന്നെ ശത്രുവിനെപ്പോലെ കാണുന്നു” - എം ജി ശ്രീകുമാര്‍ പറയുന്നു.

“ഭാര്യയായി ലേഖ വരും മുമ്പ് ഈ ലോകത്ത് എനിക്ക് സ്വന്തമെന്ന് പറയാന്‍ മൂന്നുപേരേ ഉണ്ടായിരുന്നുള്ളൂ. എന്‍റെ അച്ഛന്‍, അമ്മ, ചേട്ടന്‍. ഞാന്‍ ബി കോമിന് പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു. മൂന്ന് വര്‍ഷം മുമ്പ് അമ്മയും. പിന്നാലെ ചേട്ടനും പോയി. ബാക്കി ആരെയും സ്വന്തക്കാരായി കരുതുന്നില്ല” - ‘കന്യക’യ്ക്കുവേണ്ടി സജില്‍ ശ്രീധറിന് അനുവദിച്ച അഭിമുഖത്തില്‍ എം ജി ശ്രീകുമാര്‍ വ്യക്തമാക്കി.

ചിത്രത്തിന് കടപ്പാട് - ഏഷ്യാനെറ്റ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :