മായാമോഹിനി: സാറ്റലൈറ്റ് റൈറ്റ് 3.2 കോടി, 14 ദിവസം കൊണ്ട് 14 കോടി!
WEBDUNIA|
PRO
‘മായാമോഹിനി’ സംവിധാനം ചെയ്തത് ജോസ് തോമസാണ്. അദ്ദേഹത്തിന്‍റെ കരിയര്‍ ഗ്രാഫ് പരിശോധിച്ചാല്‍ അത്ര വലിയ ഹിറ്റുകളൊന്നും ചെയ്തിട്ടില്ലെന്ന് മനസിലാകും. മാട്ടുപ്പെട്ടി മച്ചാന്‍, ഉദയപുരം സുല്‍ത്താന്‍, സുന്ദരപുരുഷന്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ വിജയചിത്രങ്ങള്‍. എന്നാല്‍ മായാമോഹിനി അദ്ദേഹത്തിന്‍റെ കരിയര്‍ഗ്രാഫ് മാറ്റിയെഴുതുകയാണ്. മായാമോഹിനി മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റായി മാറുന്നു.
14 ദിവസം കൊണ്ട് ‘മായാമോഹിനി’യുടെ തിയേറ്റര്‍ കളക്ഷന്‍ 14 കോടി രൂപയാണ്. ചിത്രത്തിന്‍റെ സാറ്റലൈറ്റ് റൈറ്റ് വിറ്റത് 3.2 കോടി രൂപയ്ക്ക്. സമീപ വര്‍ഷങ്ങളില്‍ ഇത്രയും വലിയ ബിസിനസ് നടന്ന ഒരു ചിത്രം മലയാളത്തിലുണ്ടായിട്ടില്ല. ഓരോ ദിവസവും 40 ലക്ഷം രൂപ വരെ ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ നേടിയ സിനിമ ഏവര്‍ക്കും അത്ഭുതം സമ്മാനിച്ചു.
സ്ത്രീ പ്രേക്ഷകരുടെ പിന്തുണ ഇത്രയധികം ലഭിച്ച ഒരു മലയാള ചിത്രം അടുത്തെങ്ങുമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെയാണ് ആദ്യ നാലു ദിവസം കൊണ്ട് 6.12 കോടി രൂപ കളക്ഷന്‍ നേടി മായാമോഹിനി റെക്കോര്‍ഡിട്ടത്. ദിലീപിന്‍റെ മോഹിനിവേഷം കാണാനുള്ള സ്ത്രീപ്രേക്ഷകരുടെ തിരക്കാണ് ചിത്രത്തെ മെഗാഹിറ്റാക്കി മാറ്റിയത്.
വെറും 4.5 കോടി രൂപയാണ് മായാമോഹിനിയുടെ നിര്‍മ്മാണച്ചെലവ്. ഇതിന്‍റെ എത്രയോ മടങ്ങ് ലാഭം ഇപ്പോള്‍ തന്നെ നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചുകഴിഞ്ഞു. മലയാള സിനിമ കണ്ട ഏറ്റവും വലിയ ഇനിഷ്യല്‍ കളക്ഷനാണ് മായാമോഹിനിക്ക് ലഭിച്ചത്.
ട്വന്‍റി20 എന്ന മള്‍ട്ടിസ്റ്റാര്‍ സിനിമയാണ് ഇതിനുമുമ്പ് ഇതേ രീതിയില്‍ കളക്ഷന്‍ നേടിയത്. ആ സിനിമ നിര്‍മ്മിച്ചത് ദിലീപ് ആയിരുന്നു എങ്കില്‍ മായാമോഹിനി നിര്‍മ്മിച്ചത് ദിലീപിന്‍റെ ഭാര്യാസഹോദരന്‍ മധുവാര്യരാണ്. ഈ രണ്ട് സിനിമകള്‍ക്കും തിരക്കഥയെഴുതിയത് ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ്. വന്‍ ഹിറ്റുകളുടെ തമ്പുരാക്കന്‍മാരായി സിബിയും ഉദയനും കളി തുടരുകയാണ്.