പണമല്ല, സ്നേഹമാണ് പ്രധാനം; സിദ്ദിക്കിനെ കണ്ട് പഠിക്കൂ...

WEBDUNIA|
PRO
‘ബോഡിഗാര്‍ഡ്’ എന്ന ഹിന്ദിച്ചിത്രം 60 കോടി രൂപ മുതല്‍മുടക്കിലാണ് നിര്‍മ്മിച്ചത്. ചിത്രം നേടിയത് 250 കോടിയിലേറെ. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് സല്‍മാന്‍ഖാനും കരീനയും ഒന്നിച്ച ബോഡിഗാര്‍ഡ്.

ഇത്രയും വലിയ ഹിറ്റ് ഒരുക്കിയ സിദ്ദിക്ക് എന്ന സംവിധായകന്‍ ഇപ്പോള്‍ ബോളിവുഡ് നിര്‍മ്മാതാക്കളുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലാണ്. സിദ്ദിക്ക് മനസുവച്ചാല്‍ ഇന്ത്യയിലെ ഏത് നടന്‍റെയും ഡേറ്റുകിട്ടും. എത്ര വലിയ ബജറ്റിലും ചിത്രം ഒരുക്കാനും കഴിയും. എന്നാല്‍ സിദ്ദിക്ക് ചെയ്യുന്നതോ?

സ്വന്തം ഗുരുവായ ഫാസില്‍ സംവിധാനം ചെയ്യുന്ന ഒരു ലോ ബജറ്റ് ചിത്രത്തിന് തിരക്കഥയെഴുതിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ സിദ്ദിക്ക്. ഫഹദ് ഫാസിലായിരിക്കും ഈ ചിത്രത്തിലെ നായകന്‍ എന്നറിയുന്നു. കോടികള്‍ പ്രതിഫലം വേണ്ടെന്നുവച്ച് സിദ്ദിക്ക് ഇങ്ങനെ ഒരു ചെറിയ മലയാളം ചിത്രത്തിനായി സമയം ചെലവഴിക്കുന്നത് എന്തുകൊണ്ടാണെന്നറിയേണ്ടേ?

ഫാസില്‍ പഴയ പ്രതാപമൊക്കെ അസ്തമിച്ച് ആകെ തകര്‍ന്നുനില്‍ക്കുന്ന സമയമാണ്. അദ്ദേഹം ഒടുവില്‍ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, കണ്ണുക്കുള്‍ നിലവ്, കൈയെത്തും ദൂരത്ത്, വിസ്മയത്തുമ്പത്ത്, ഒരുനാള്‍ ഒരു കനവ്, മോസ് ആന്‍റ് ക്യാറ്റ്, ലിവിംഗ് ടുഗെദര്‍ എന്നീ സിനിമകള്‍ ഒന്നൊന്നായി പൊട്ടിപ്പൊളിയുകയായിരുന്നു. ഇതോടെ മലയാളത്തിലും തമിഴിലും നിലനില്‍പ്പില്ലാതായ ഫാസിലിനെ ഒരു തിരിച്ചുവരവിന് സഹായിക്കാന്‍ സിദ്ദിക്ക് തയ്യാറാകുകയായിരുന്നു.

പരാജയമറിയാത്ത സംവിധായകനാണ് സിദ്ദിക്ക്. പ്രേക്ഷകന്‍റെ പള്‍സറിഞ്ഞ് തിരക്കഥ രചിക്കാന്‍ കഴിയുന്നയാള്‍. സിദ്ദിക്കിന്‍റെ തിരക്കഥയിലൂടെ ഫാസില്‍ ശക്തമായ മടങ്ങിവരവ് നടത്തുമെന്ന് പ്രതീക്ഷിക്കാം.

ഇനി പറയൂ... സിദ്ദിക്കിനെപ്പോലെ ചിന്തിക്കുന്ന എത്ര സിനിമാക്കാരുണ്ട് മലയാളത്തില്‍?

English Summary: Siddhique is getting ready to pen a saleable script for Fazil. Siddhique is getting ready to pen a saleable script for Fazil.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :