മണിരത്നമൊക്കെ സിനിമയെടുക്കുന്നത് ഇരുമ്പുമറയ്ക്കുള്ളിലാണ് എന്നുകേട്ടിട്ടില്ലേ? വളരെ രഹസ്യ സ്വഭാവത്തോടെയാണ് മണിരത്നം, ഷങ്കര്‍ തുടങ്ങിയവര്‍ തങ്ങളുടെ സിനിമകളുടെ ഷൂട്ടിംഗ് നടത്തുന്നത്. ഒരു സ്റ്റില്‍ പോലും ചിത്രീകരണ സമയത്ത് പുറത്തുവരാതിരിക്കാനായി അവര്‍ ശ്രദ്ധിക്കുന്നു. സിനിമയെക്കുറിച്ചുള്ള ക്യൂരിയോസിറ്റി വളര്‍ത്താന്‍ ഇത് സഹായിക്കുന്നു.
മലയാളത്തില്‍ ഷാജി കൈലാസ് ‘സൌണ്ട് ഓഫ് ബൂട്ട്’ എന്ന സിനിമ വളരെ രഹസ്യസ്വഭാവത്തോടെ ചിത്രീകരിച്ചതാണ്. പക്ഷേ സിനിമയുടെ ക്വാളിറ്റിയില്‍ ആ ശ്രദ്ധ കാട്ടിയില്ല. ഫലമോ? പടം പൊളിഞ്ഞു.
ഇപ്പോഴിതാ, വളരെ രഹസ്യ സ്വഭാവത്തോടെ ഒരു മലയാള സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ജോസ് തോമസിന്‍റെ സംവിധാനത്തില്‍ ദിലീപ് നായകന്‍(നായിക?) ആകുന്ന ‘മായാമോഹിനി’. ഈ സിനിമയില്‍ ദിലീപ് പെണ്‍വേഷത്തിലാണ് അഭിനയിക്കുന്നത്. ബിജുമേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഭാര്യാവേഷം. ഉദയ്കൃഷ്ണയും സിബി കെ തോമസും ചേര്‍ന്ന് തിരക്കഥയെഴുതുന്നു.
ദിലീപിന്‍റെ കഥാപാത്രത്തിന്‍റെ പ്രത്യേകതകൊണ്ടാണ് സിനിമയുടെ ചിത്രീകരണത്തിന് രഹസ്യസ്വഭാവം കൈവന്നത്. ദിലീപിന്‍റെ കഥാപാത്രത്തിന്‍റെ സ്റ്റില്ലുകള്‍ പോലും അപൂര്‍വമായേ പുറത്തുവിടുന്നുള്ളൂ.
“വലിയ സെക്യൂരിറ്റിയോടെയൊക്കെയാണ് ഷൂട്ട് ചെയ്യുന്നതെങ്കിലും ഒരുപാട് ഫാമിലിയൊക്കെ ലൊക്കേഷനില്‍ വരുന്നു. പക്ഷേ, ഒരാള്‍ പോലും മൊബൈലില്‍ ഫോട്ടോ എടുക്കാനൊന്നും ശ്രമിക്കുന്നില്ല. നമ്മള്‍ ചെയ്യുന്ന വര്‍ക്കിന്‍റെ ആത്മാര്‍ത്ഥത അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതിന്‍റെ തെളിവാണ് അത്” - ദിലീപ് പറയുന്നു.
“മായാമോഹിനിക്ക് രഹസ്യസ്വഭാവം നല്‍കി ചിത്രീകരിക്കുന്നത് ഈ സബ്ജക്ടില്‍ രഹസ്യസ്വഭാവമുള്ളതുകൊണ്ടല്ല. ഞങ്ങള്‍ ഒരു പ്രത്യേക കഥാപാത്രത്തെ പൂര്‍ണതയോടെ അവതരിപ്പിക്കാനുള്ള പരിശ്രമത്തിലാണ്. അതിന്‍റെ ഒരു പൂര്‍ണരൂപമാകാതെ പുറത്തുപോയാല്‍ അത് നമ്മളെ ബാധിക്കും. നമ്മള്‍ ഒരു സംഭവം കിട്ടിയപ്പോള്‍ അതിന്‍റെ 100 ശതമാനം കൊണ്ടുവരാനുള്ള ആത്മാര്‍ത്ഥമായ പരിശ്രമത്തിലാണ്” - ദിലീപ് ഒരു സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.