Last Modified വെള്ളി, 26 ജൂലൈ 2019 (16:59 IST)
1983ല്‍ വെടിയേറ്റ് വീഴും വരെ ബോംബെ അധോലോകത്തിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു രാജന്‍ മഹാദേവ് നായര്‍ എന്ന ബഡാ രാജന്‍. തിലക് നഗറില്‍ നിന്ന് ബോംബെയെ നിയന്ത്രിച്ച ആ ഡോണിന്‍റെ ജീവിതകഥയില്‍ നിന്നാണ് പ്രിയദര്‍ശന്‍ ‘അഭിമന്യു’ എന്ന സിനിമ കണ്ടെത്തുന്നത്.
ടി ദാമോദരന്‍റെ തിരക്കഥയിലാണ് ബഡാ രാജന്‍റെ ജീവിതം പ്രിയദര്‍ശന്‍ സിനിമയാക്കിയത്. 1991ല്‍ റിലീസായ സിനിമ മെഗാഹിറ്റായി മാറി എന്നുമാത്രമല്ല, മലയാളത്തിലെ ഏറ്റവും മികച്ച അധോലോക സിനിമകളില്‍ മുന്‍നിരയില്‍ ഇടംപിടിക്കുകയും ചെയ്തു.
ഹരിയണ്ണ എന്ന അധോലോക നായകനെയാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അവതരിപ്പിച്ചത്. ഗീത, ശങ്കര്‍, ജഗദീഷ്, സുകുമാരി, കൊച്ചിന്‍ ഹനീഫ, ഗണേഷ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഗണേഷ്കുമാര്‍ ഈയിടെ പറഞ്ഞത്, അഭിമന്യു പോലെ ടെക്നിക്കല്‍ പെര്‍ഫെക്ഷനുള്ള സിനിമ ഇക്കാലത്തുപോലും ഉണ്ടാകുന്നില്ല എന്നാണ്.
തോട്ടാ തരണിയുടെ കലാസംവിധാനവും ജീവയുടെ ഛായാഗ്രഹണവും ഈ സിനിമയ്ക്ക് മാറ്റുകൂട്ടി. രവീന്ദ്രനായിരുന്നു ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത്. കൈതപ്രത്തിന്‍റേതായിരുന്നു വരികള്‍. “കണ്ടുഞാന്‍ മിഴികളില്‍...” എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയഗാനമായി വിലയിരുത്തപ്പെടുന്നു.
ജോണ്‍സണായിരുന്നു അഭിമന്യുവിന്‍റെ പശ്ചാത്തല സംഗീതം. ആര്‍ദ്രമായ പ്രണയവും രക്തം കിനിയുന്ന ക്രൈം രംഗങ്ങളും ഇടകലര്‍ന്ന ഈ സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായ പശ്ചാത്തല സംഗീതമായിരുന്നു ജോണ്‍സണ്‍ നല്‍കിയത്. മികച്ച നടനും മികച്ച എഡിറ്റര്‍ക്കും മികച്ച ശബ്ദസന്നിവേശത്തിനുമുള്ള സംസ്ഥാന അവാര്‍ഡുകള്‍ അഭിമന്യു നേടി.
ഈ സിനിമയില്‍ ഒട്ടേറെ അധോലോക നായകന്‍മാരായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മുതലിയാര്‍(പൂര്‍ണം വിശ്വനാഥന്‍), അബ്ബാസ് അലി(രാമി റെഡ്ഡി), അമര്‍ ബാഖിയ(മഹേഷ് ആനന്ദ്) എന്നീ കഥാപാത്രങ്ങളെ അഭിമന്യു കണ്ടവര്‍ ഇന്നും ഓര്‍മ്മിക്കുന്നു.