കള്ളന്‍ മാധവനും കോണ്‍സ്റ്റബിള്‍ അച്യുതന്‍ നമ്പൂതിരിയും നടന്ന് വരുന്ന സീനാണ് ചിത്രീകരിക്കുന്നത്,മീശ മാധവന്റെ പിന്നിലെ കഥ, സംവിധായകന്‍ സലാം ബാപ്പുവിന്റെ കുറിപ്പ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 5 ജൂലൈ 2022 (10:12 IST)

മീശ മാധവന്റെ 20 വര്‍ഷങ്ങള്‍ എന്നാല്‍ എന്റെ സിനിമ ജീവിതത്തിന്റെ ഇരുപത് വര്‍ഷങ്ങള്‍ കൂടിയാണെന്ന് സംവിധായകന്‍ സലാം ബാപ്പു.
ആദ്യമായി എന്റെ പേര് സ്‌ക്രീനില്‍ തെളിഞ്ഞ നിമിഷത്തില്‍ തിയേറ്ററിലെ ഇരുട്ടില്‍ എന്റെ കണ്ണു നിറഞ്ഞു... ആ നിമിഷങ്ങള്‍ ഇന്നലെ പോലെ എന്നിലുണ്ട്. ഷൂട്ടിങ്ങിനായി ലാല്‍ ജോസ് സാറിനോടൊപ്പം പൊള്ളാച്ചിയിലേക്ക്, ആദ്യ ദിനം കള്ളന്‍ മാധവനും കോണ്‍സ്റ്റബിള്‍ അച്യുതന്‍ നമ്പൂതിരിയും നടന്ന് വരുന്ന സീനാണ് ചിത്രീകരിക്കുന്നത്. ദിലീപേട്ടനും ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടനും അഭിനയിക്കുന്ന സീനാണ്. സലാം ബാപ്പു പറഞ്ഞു തുടങ്ങുന്നു.

സലാം ബാപ്പുവിന്റെ വാക്കുകള്‍

മീശമാധവന്റെ 20 സിനിമാ വര്‍ഷങ്ങള്‍, എന്റെയും...
---------------------------

2002 ജൂലൈ 4 നു നല്ല മഴയുള്ള ദിനത്തില്‍ കുന്ദംകുളം ഭാവന തിയേറ്ററിലെ തിരക്കിലൂടെ മീശമാധവന്‍ എന്ന ചിത്രം കാണാന്‍ കയറിയ നിമിഷങ്ങള്‍ എങ്ങനെ മറക്കാന്‍ കഴിയും... ആദ്യമായി എന്റെ പേര് സ്‌ക്രീനില്‍ തെളിഞ്ഞ നിമിഷത്തില്‍ തിയേറ്ററിലെ ഇരുട്ടില്‍ എന്റെ കണ്ണു നിറഞ്ഞു... ആ നിമിഷങ്ങള്‍ ഇന്നലെ പോലെ എന്നിലുണ്ട്. മീശ മാധവന്റെ 20 വര്‍ഷങ്ങള്‍ എന്നാല്‍ എന്റെ സിനിമ ജീവിതത്തിന്റെ ഇരുപത് വര്‍ഷങ്ങള്‍ കൂടിയാണ്...

ഡിഗ്രി പഠനം കഴിഞ്ഞ് തിരുവന്തപുരത്ത് നിയമ പഠനവും ജേര്‍ണലിസവും പഠിക്കാന്‍ പോയതാണു ജീവിതത്തില്‍ വഴിത്തിരിവായി മാറിയത്. പഠന കാലത്ത് തന്നെ ഏഷ്യാനെറ്റില്‍ പ്രോഗ്രാമുകള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതുക എന്നത് എന്റെ പ്രധാന വരുമാന മാര്‍ഗ്ഗമായിരുന്നു. ഏഷ്യാനെറ്റിലെ പ്രോഗ്രാം പ്രൊഡ്യൂസറായ മുഷ്താഖില്‍ തുടങ്ങി പ്രകാശ് മേനോന്‍, പപ്പേട്ടന്‍, പൂക്കുഞ്ഞ്, ബൈജു മേലില, നിഷ തുടങ്ങിയവര്‍ക്ക് വേണ്ടി സ്‌ക്രിപ്റ്റ് എഴുതുകയും, മുഷ്താഖിനൊപ്പം പ്രോഗ്രാം കോര്‍ഡിനേറ്ററായും അസ്സിസ്റ്റന്റായും പ്രവര്‍ത്തിച്ചു വന്നിരുന്ന കാലം... 'ചിങ്ങപ്പെണ്ണിന് കണ്ണെഴുതാന്‍' എന്ന ഓണപ്പാട്ടുകള്‍ സംവിധാനം ചെയ്യാന്‍ 2001ല്‍ ലാല്‍ജോസ് സാര്‍ Laljose ഏഷ്യാനെറ്റില്‍ എത്തുന്നു, ബി ആര്‍ പ്രസാദിന്റെ വരികള്‍ക്ക് മനോജ് ജോര്‍ജിന്റെ സംഗീതത്തില്‍ ഏഷ്യാനെറ്റും സുരേഷ് ഗോപി ചേട്ടനും നിര്‍മ്മിക്കുന്ന ചിങ്ങപെണ്ണിന് കണ്ണെഴുതാന്‍ എന്ന 5 ഗാനങ്ങള്‍ അടങ്ങിയ ആല്‍ബത്തിന്റെ ക്യാഷ്യര്‍ ആയി ഏഷ്യാനെറ്റിലെ പ്രൊഡ്യൂസര്‍ ആയ ഷാജി വര്‍ഗ്ഗീസാണ് എന്റെ പേര് നിര്‍ദ്ദേശിക്കുന്നത്.

ടെലിവിഷന്‍ പ്രോഗ്രാമുകളുടെ ഷൂട്ടിംഗ് കണ്ട് ശീലിച്ചിരുന്ന എനിക്ക് സിനിമാ സമാനമായ ചിത്രീകരണം നടത്തുന്ന ഓണപ്പാട്ടുകള്‍ പുതിയൊരനുഭവമായിരുന്നു, പിന്നീട് പുലിമുരുകന്‍ പോലുള്ള സിനിമകള്‍ ചെയ്ത് പ്രശസ്തനായ ഷാജി കുമാറാണ് ക്യാമറ, അഭിനയിക്കുന്നതോ സുരേഷ് ഗോപി, ലാല്‍, മച്ചാന്‍ വര്‍ഗീസ്, കാവ്യാ മാധവന്‍, കെ.പി.എ.സി. ലളിത, ശരത്, ലെന, പൂര്‍ണിമ ഇന്ദ്രജിത്, അംബിക മോഹന്‍, തുടങ്ങിയ സിനിമാ താരങ്ങളും. തിരുവന്തപുരത്തും ആലപ്പുഴയിലുമായി നടന്ന ഷൂട്ടിങ്ങിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും ഡയറക്ഷന്‍ ടീമിന്റെ കൂടെ, അവര്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് കട്ടക്ക് കൂടെ നിന്നു. എന്റെ ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ ശ്രദ്ധിച്ച ലാല്‍ ജോസ് സാര്‍ അസ്സോസിയേറ്റ് ഡയറക്ടറായ വിനു ആനന്ദ് ചേട്ടനോട് ചോദിച്ചു, 'സലാമിനെ അടുത്ത സിനിമയില്‍ കൂടെ കൂട്ടിയാലോ?' എന്ന്. വിനുവേട്ടനും സമ്മതം, അങ്ങിനെ അന്ന് മുതല്‍ ഞാന്‍ ആ ടീമിന്റെ ഭാഗമായി. ജീവിതത്തിലെ ടേണിംഗ് പോയിന്റായിരുന്നു അത്...

2001-ലെ ഒരു ഡിസംബറില്‍ പ്രൊഡക്ഷന്‍ മാനേജര്‍ ദീപു എസ് കുമാറിന്റെ വിളി വന്നു. 'ലാല്‍ ജോസ് സാറിന്റെ പുതിയ സിനിമ തുടങ്ങുകയാണ്, മൂവിക്ഷേത്രയുടെ ബാനറില്‍ സുബൈര്‍-സുധീഷ് നിര്‍മ്മിക്കുന്ന മീശമാധവന്‍, പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഷൊര്‍ണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ തുടങ്ങിയിട്ടുണ്ട്, ഉടന്‍ വരിക...' എന്നിലൊരു സിനിമക്കാരന്‍ പിറന്ന് വീണു. പിറ്റേന്ന് തന്നെ ഷൊര്‍ണൂരിലെത്തി ചിത്രത്തിന്റെ പണിപ്പുരയിലേക്ക്, രഞ്ജന്‍ പ്രമോദ് Ranjan Pramod എഴുതുന്ന സീനുകള്‍ കോപ്പിയെടുക്കാന്‍ തുടങ്ങി, ആദ്യമായി വായിക്കുന്ന സിനിമാ സ്‌ക്രിപ്റ്റ്. ചേക്ക് എന്ന ഗ്രാമവും മാധവനും ഭഗീരഥന്‍ പിള്ളയും അവരുടെ തമാശകളും പകര്‍ത്തി എഴുത്തിലൂടെ മനസ്സില്‍ കയറി, അതായത് മീശമാധവന്‍ എന്ന സിനിമ ഭാവന തിയേറ്ററില്‍ എത്തും മുമ്പ് ഭാവനയില്‍ കാണാന്‍ ഭാഗ്യം ലഭിച്ചു.

ഷൂട്ടിങ്ങിനായി ലാല്‍ ജോസ് സാറിനോടൊപ്പം പൊള്ളാച്ചിയിലേക്ക്, ആദ്യ ദിനം കള്ളന്‍ മാധവനും കോണ്‍സ്റ്റബിള്‍ അച്യുതന്‍ നമ്പൂതിരിയും നടന്ന് വരുന്ന സീനാണു ചിത്രീകരിക്കുന്നത്. ദിലീപേട്ടനും ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടനും അഭിനയിക്കുന്ന സീനാണ്. ക്യാമറ കൊണ്ട് വിസ്മയം സൃഷ്ടിച്ച എസ്. കുമാര്‍ സാറില്‍ നിന്നും ലാല്‍ ജോസ് സാറില്‍ നിന്നും സിനിമയുടെ ആദ്യാക്ഷരങ്ങള്‍ പഠിച്ചു തുടങ്ങി, അസ്സോസിയേറ്റ് ഡയറക്ടര്‍മായ വിനു ചേട്ടനും രതീഷ് അമ്പാട്ടും, Rathish Ambat സീനിയര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ നിതീഷ് ശക്തിയെയും നേരത്തെ പരിചയമുള്ളത് കൊണ്ട് ലൊക്കേഷനില്‍ അപരിതത്വം തോന്നിയില്ല. എന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടര്മാരായി അനൂപ് കണ്ണനും Anoop Kannan അനില്‍ കെ. നായരും Anil K Nair മുരളിയും ആദ്യമായി വര്‍ക്ക് ചെയ്യുന്ന ഫിലിം, 35 ദിവസങ്ങള്‍ കൊണ്ട് പാലക്കാട്ടും പൊള്ളാച്ചിയിലുമായി മീശമാധവന്‍ ചിത്രീകരണം പൂര്‍ത്തിയായി. തിരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോള്‍ എന്റെ ഭാവി സിനിമയാണെന്ന് ഞാന്‍ ഉറപ്പിച്ച് കഴിഞ്ഞിരുന്നു.

ലാല്‍ ജോസ് സാറിന്റെയും ദിലീപേട്ടന്റെയും അന്ന് വരെയുള്ള കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു മീശ മാധവന്‍. ചേക്കിലെ കള്ളന്‍ ആബാലവൃദ്ധം ജനങ്ങളെയും ആകര്‍ഷിച്ചു കൊണ്ട് കേരളത്തിന്റെ ആസ്ഥാന കള്ളനായി മാറി. ദിലീപിന്റെ കള്ളന്‍ മാധവനോടൊപ്പം അമ്പിളി ചേട്ടന്റെ (ജഗതി ശ്രീകുമാര്‍) പഞ്ചായത്ത് പ്രസിഡന്റ് ഭഗീരഥന്‍ പിള്ള, മാള ചേട്ടന്റെ ചേക്കിലെ സീനിയര്‍ കള്ളന്‍ മുള്ളാണി പപ്പന്‍, ഇന്ദ്രജിത്തിന്റെ Indrajith Sukumaran ഇന്‍സ്‌പെക്ടര്‍ ഈപ്പന്‍ പാപ്പച്ചി, ഹരിശ്രീ അശോകന്‍ ചേട്ടന്റെ Harisree Ashokan സുഗുണന്‍, സലിം കുമാറിര്‍ ചേട്ടന്റെ Salim Kumar അഡ്വക്കേറ്റ് മുകുന്ദനുണ്ണി, ജയിംസ് ചേട്ടന്റെ പട്ടാളം പുരുഷു, ഒടുവിലാന്റെ അച്യുതന്‍ നമ്പൂതിരി, കൊച്ചിന്‍ ഹനീഫക്കയുടെ ത്രിവിക്രമന്‍, കാവ്യയുടെ Kavya Madhavan രുഗ്മിണി, ജ്യോതിര്‍മയിയുടെ പ്രഭ, സുകുമാരി ചേച്ചിയുടെ മാധവന്റെ 'അമ്മ, ഗായത്രിയുടെ സരസു തുടങ്ങി ഓരോ കഥാപാത്രങ്ങളും പ്രേക്ഷക ഹൃദയങ്ങളില്‍ പതിഞ്ഞിടത്താണ് മീശ മാധവന്‍ ഒരു ചരിത്ര വിജയമായി മാറിയത്. ഒരു സിനിമ കൊണ്ട് ഓരുപാട് സിനിമയുടെ അനുഭവങ്ങള്‍ ലഭിച്ചു. മികച്ച അഭിനേതാക്കള്‍ക്കും ടെക്ള്‍നീഷ്യന്മാര്‍ക്കുമൊപ്പം ആദ്യ സിനിമയില്‍ അവസരം ലഭിക്കുക എന്നത് വലിയ ഭാഗ്യമാണു.

ഫെസ്റ്റിവല്‍ സീസണല്ലാത്ത ജൂലൈ മാസം 4-ാം തിയതിയായിരുന്നു മീശ മാധവന്റെ റിലീസ്. പ്രവചനങ്ങളെ കാറ്റില്‍ പറത്തി കൊണ്ട് അദ്ഭുതകരമായ വിജയമാണ് മാധവന്‍ നേടിയെടുത്തത്. കോരിച്ചൊരിയുന്ന മഴയത്തും കുട്ടികളും മുതിര്‍ന്നവരും മീശമാധവനെ കാണാന്‍ തീയേറ്ററുകളില്‍ തിക്കി തിരക്കി. ശങ്കര്‍ മഹാദേവനും Shankar Mahadevan റിമി ടോമിയും Rimi Tomy ചേര്‍ന്ന് ആലപിച്ച ' ചിങ്ങ മാസം വന്ന് ചേര്‍ന്നാല്‍ നിന്നെ ഞാനെന്‍ സ്വന്തമാക്കും ' എന്ന് തുടങ്ങുന്ന ഗാനം കേരളം ഏറ്റു പാടി. (കഥയുമായി ബന്ധമില്ലാത്ത സ്വപ്ന ഗാനമായതിനാലും ബഡ്ജറ്റ് കുറക്കാനും വേണ്ടി ആദ്യം ഈ ഗാനം ചിത്രീകരിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നതാണ്, ആ തീരുമാനം അവസാന നിമിഷം മാറ്റിയതാണ്, അത് ചിത്രത്തിന്റെ വിജയത്തിന് നിര്‍ണ്ണായകവുമായി) 'കരിമിഴിക്കുരുവിയെ കണ്ടീലാ...' 'എന്റെ എല്ലാമെല്ലാമല്ലേ...' എന്ന ഗാനങ്ങളും പ്രണയികള്‍ നാവിന്‍ തുമ്പില്‍ കൊണ്ട് നടന്നതോര്‍ക്കുന്നു.

മീശ മാധവന്റെ വന്‍ വിജയത്തില്‍ സംഗീത സംവിധായകന്‍ വിദ്യാസാഗറിന്റെ Vidya Sagar പങ്ക് നിസ്തുലമാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികളില്‍ പിറന്ന മികച്ച ഗാനങ്ങള്‍ക്കൊപ്പം തന്നെ ഗാന ചിത്രികരണങ്ങളാലും സമ്പന്നമായിരുന്നു മീശ മാധവന്‍. ഗാനരംഗങ്ങള്‍ ചിത്രികരിക്കുന്നതില്‍ ജോസഫ് നെല്ലിക്കലിന്റെ Joseph Nellickal കലാ സംവിധാനവും പ്രസന്ന മാസ്റ്ററുടെയും സുജാത മാസ്റ്ററുടെയും നൃത്ത സംവിധാനം ഏറെ സഹായിച്ചു. കഥയും കഥാപാത്രങ്ങളും അവക്കിണങ്ങിയ നടീ നടന്‍മാരും അണിയറക്കാരുമെല്ലാം ഒത്തു ചേര്‍ന്ന ഒരു കോക്ടെയിലായിരുന്നു മീശ മാധവന്‍. രഞ്ജന്‍ എബ്രഹാമിന്റെ എഡിറ്റിംഗ് Ranjan Abraham Ranjan Abraham മീശമാധവന് ഫൈനല്‍ ടച്ച് അപ്പ് നല്‍കി. ദിലീപിന്റെ കരിയര്‍ പീക്കായിരുന്നു മീശ മാധവന്‍. A സെന്ററുകളില്‍ എന്ന പോലെ തന്നെ B, C സെന്ററുകളിലും തകര്‍ത്തോടിയ മീശ മാധവന്‍ തെങ്കാശിപ്പട്ടണത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡ് മറികടന്നു ഇന്‍ഡസ്ട്രി ഹിറ്റായി മാറി.

കാലം എത്ര പെട്ടെന്നാണ് ഓടിയകലുന്നത്. അന്ന്, ഞാന്‍ കണ്ടനുഭവിച്ചത് അസിസ്റ്റന്റ് ഡയറക്ടര്‍ സലാം പാലപ്പെട്ടി എന്നതായിരുന്നെങ്കില്‍ നാട്ടുകാര്‍ കണ്ടത് മാധവനും (ദിലീപ്) പ്രഭയും (ജ്യോതിര്‍മയി) അമ്പലത്തില്‍ തൊഴാന്‍ പോകുമ്പോള്‍ പട്ടാളം പുരുഷു (ജയിംസ്) കതിനവെടി പൊട്ടുന്നത് കേട്ട് അതിര്‍ത്തിയില്‍ പതിക്കുന്ന ബോംബാണെന്ന് കരുതി എല്ലാവരോടും താഴെ കിടക്കാന്‍ പറയുമ്പോള്‍ മാധവന്റെയും പ്രഭയുടെയും പുറകിലായി ഷര്‍ട്ടുമഴിച്ചു താഴെ കിടക്കുന്ന എന്നെയാണ്.

സിനിമ വന്‍വിജയമായി നാട്ടില്‍ ചെന്നപ്പോള്‍ നാട്ടുകാര്‍ ചോദിച്ചു തുടങ്ങി. 'മീശമാധവനില്‍ അഭിനയിച്ചിട്ടുണ്ടല്ലേ?! ഞങ്ങള്‍ കണ്ടു...' പിന്നീട് സ്വതന്ത്ര സംവിധായകനായപ്പോള്‍ സലാം ബാപ്പു എന്ന പേരില്‍ മോഹന്‍ലാല്‍ സാര്‍ , ഫഹദ് ഫാസില്‍, ആസിഫ് അലി എന്നിവരെ നായകനാക്കി റെഡ് വൈനും മമ്മൂക്കയെ നായനാക്കി മംഗ്ളീഷും ചെയ്തിട്ടും ചിലര്‍ ചോദിക്കും ''മീശമാധവനില്‍ അഭിനയിച്ചിട്ടുണ്ടല്ലേ?! ഞങ്ങള്‍ കണ്ടു...' എന്ന്. മലയാളിയുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ ഒരു സിനിമയുടെ ഭാഗമായി കരിയര്‍ തുടങ്ങാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു... ലാല്‍ ജോസ് സാറിന്റെ സ്‌കൂളില്‍ നിന്ന് സിനിമ പഠിക്കാന്‍ കഴിഞ്ഞു എന്നതും എന്റെ സിനിമ ജീവിതത്തില്‍ നിര്‍ണ്ണായകമായി. മലയാളത്തിന്റെ മഹാനടന്മാരെ വച്ച് സിനിമ ചെയ്യാനുള്ള ധൈര്യം എനിക്ക് ലഭിച്ചത് അവിടെ നിന്നാണ്...അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :