movie review: കുറെ കാലമായി സിനിമ കണ്ടിരുന്നില്ല, അതിന്റെ ക്ഷീണം തീര്‍ത്തു പന്ത്രണ്ട്, കണ്ണും മനസ്സും നിറഞ്ഞു, റിവ്യൂമായി സംവിധായകന്‍ സലാം ബാപ്പു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 28 ജൂണ്‍ 2022 (17:40 IST)
ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രമായ 'ആയിരത്തൊന്നാം രാവ്' ചിത്രീകരണ തിരക്കിലായിരുന്നു സംവിധായകന്‍ സലാം ബാപ്പു.ലിയോ തദേവൂസ് സംവിധാനം ചെയ്ത 'പന്ത്രണ്ട്' റിലീസ് ദിവസം തന്നെ ആദ്യ ഷോ അണിയറ പ്രവര്‍ത്തകരോടൊപ്പം ഇടപ്പളി വനിതയില്‍ നിന്നും കണ്ടെന്നും പുതിയ സിനിമയുടെ തിരക്കില്‍ ദുബായിലായിരുന്നതിനാല്‍ നാട്ടിലെ തീയറ്ററില്‍ നീന്നും കുറെ കാലമായി സിനിമ കണ്ടിരുന്നില്ല, അതിന്റെ ക്ഷീണം തീര്‍ത്തു പന്ത്രണ്ട്, കണ്ണും മനസ്സും നിറഞ്ഞുവെന്ന് സംവിധായകന്‍ പറയുന്നു.

സലാം ബാപ്പുവിന്റെ വാക്കുകള്‍

ദേവ് മോഹന്‍, ഷൈന്‍ ടോം ചാക്കോ, വിനായകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് സംവിധാനം ചെയ്ത 'പന്ത്രണ്ട്' റിലീസ് ദിവസം തന്നെ ആദ്യ ഷോ അണിയറ പ്രവര്‍ത്തകരോടൊപ്പം ഇടപ്പളി വനിതയില്‍ നിന്നും കണ്ടു. പുതിയ സിനിമയുടെ തിരക്കില്‍ ദുബായിലായിരുന്നതിനാല്‍ നാട്ടിലെ തീയറ്ററില്‍ നീന്നും കുറെ കാലമായി സിനിമ കണ്ടിരുന്നില്ല, അതിന്റെ ക്ഷീണം തീര്‍ത്തു പന്ത്രണ്ട്, കണ്ണും മനസ്സും നിറഞ്ഞു. കടലിന്റെയും മനുഷ്യന്റെയും സംഘര്‍ഷങ്ങള്‍ പറയുന്ന ഒരു വെല്‍ മെയ്ഡ് സിനിമ.

കടലോര പ്രദേശങ്ങളിലെ കേന്ദ്രീകരിച്ച നടക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളുടെ കഥ പറയുന്ന ചിത്രമാണ് 'പന്ത്രണ്ട്'. മിസ്റ്റിക് ഡ്രാമ ഗണത്തില്‍ പെടുത്താവുന്ന പന്ത്രണ്ടിലൂടെ ലിയോ തദേവൂസ് തികച്ചും പുതിയൊരു കാഴ്ചാനുഭവമാണ് നല്‍കിയത്. സിനിമയുടെ തുടക്കം മുതലുള്ള ആവേശം അവസാനം വരെ നിലനിര്‍ത്താന്‍ സംവിധായകന് സാധിച്ചു. കടലും കടല്‍ ക്ഷോഭവും മലയാള സിനിമയില്‍ മുന്‍പൊന്നും ദര്‍ശിക്കാത്ത രീതിയില്‍ പകര്‍ത്തി വെക്കാന്‍ ലിയോക്കും സംഘത്തിനും സാധിച്ചിട്ടുണ്ട്.

12 പേരടങ്ങുന്ന ഗുണ്ടാപടയുടെ നേതാവാണ് അന്ത്രോ. അന്ത്രോ കഴിഞ്ഞാല്‍ ഈ ഗ്രൂപ്പിലെ രണ്ടാമന്‍ അനുജന്‍ പത്രോയാണ്. ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ഇവരുടെ ജീവിതത്തിലേക്ക് ഇമ്മാനുവല്‍ എന്ന യുവാവിന്റെ കടന്നു വരവോടെ സംഭവിക്കുന്ന മാറ്റങ്ങളാണ് കഥാപശ്ചാത്തലം. അന്ത്രോയും പത്രോയും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത പ്രേക്ഷകരുമായി കണക്റ്റ് ചെയ്യാന്‍ വിനായകനും ഷൈനും സാധിക്കുന്നുണ്ട്. നിറ പുഞ്ചിരിയോടെ സാത്വിക ഭാവം പ്രകടമാക്കി ഇമ്മാനുവലിനെ ദേവ് മോഹന്‍ മികച്ചതാക്കി.

സിനിമയിലെ പല രംഗങ്ങളും ബൈബിളിലെ ഭാഗങ്ങളെ ഓര്‍ക്കപ്പെടുത്തുന്നതാണ് യേശുവിനെയും പന്ത്രണ്ട് ശിഷ്യന്‍മാരെയും അഡാപ്‌റ്റേഷനായി തോന്നി ഇമ്മാനുവലും 12 ഗുണ്ടകളും. പാപങ്ങളില്‍ നിന്ന് പന്ത്രണ്ട് ശിഷ്യമാരെ മോചിതരാക്കുന്ന യേശുക്രിസ്തു, ശിഷ്യന്‍മാര്‍ക്കൊപ്പമുളള അന്ത്യാത്താഴം, യേശുവിനെ ഒറ്റുന്ന യൂദാസ്, യേശുവിന്റെ ഉയര്‍ത്തേഴുന്നേല്‍പ്പ് വേശ്യയുടെ സാനിധ്യം, അത്ഭുത പ്രവൃത്തികള്‍ കൃത്യമായി കോര്‍ത്തിണക്കിയിരിക്കുന്നു ലിയോ തദേവൂസ് പന്ത്രണ്ടിലൂടെ....

കടലും മത്സ്യബന്ധവും അരയന്മാരുടെ ജീവിതവും ഭംഗിയോടെ പകര്‍ത്താന്‍ ഛായാഗ്രഹകന്‍ സ്വരൂപ് ശോഭ ശങ്കറിന് കഴിഞ്ഞിട്ടുണ്ട്. സംവിധായകനും ക്യാമറാമാനും വേണ്ട രംഗങ്ങള്‍ ഒരുക്കാന്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍- ജോസഫ് നെല്ലിക്കലിന്റെ മികവ് എടുത്ത് പറയേണ്ടതാണ്.
ബി.കെ. ഹരിനാരായണന്‍, ജോ പോള്‍ എന്നിവരുടെ വരികള്‍ക്ക് അല്‍ഫോന്‍സ് ജോസഫിന്റെ സംഗീതം സിനിമയില്‍ പിടിച്ചിരുത്തുന്ന പ്രധാന ഘടകമാണ്. എഡിറ്റര്‍- നബു ഉസ്മാന്‍, മാത്യു മോസസ്‌ന്റെ വി.എഫ്.എക്സ് മികച്ചു നിന്നു, പ്രത്യേകിച്ച് കടലിലെ സീനുകളില്‍, ഫീനിക്സ് പ്രഭു കമ്പോസ് ചെയ്ത ആക്ഷന്‍ രംഗങ്ങള്‍ ത്രില്ലടിപ്പിക്കുന്നുണ്ട്. നല്ല സിനിമകള്‍ ഇഷ്ടമാകുന്നവര്‍ക്ക് പന്ത്രണ്ട് തീര്‍ച്ചയായും ഇഷ്ടമാകും. പന്തണ്ട് തീയറ്ററില്‍ വിജയം വരിക്കേണ്ട ചിത്രം തന്നെയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :