‘1984‘:കാലത്തിന് അതീതം

M. RAJU| Last Modified വ്യാഴം, 15 നവം‌ബര്‍ 2007 (18:24 IST)
ചില എഴുത്തുകാര്‍ക്ക് പ്രവാചക ഗുണം ഉണ്ടായിരിക്കും. വരുവാന്‍ ഇടയുള്ള വിപത്തുകളെ അവര്‍ മുന്‍‌ക്കൂട്ടി കാണുന്നു. ഇത്തരത്തിലുള്ള എഴുത്തുകാരനായിരുന്നു ജോര്‍ജ് ഓര്‍വെല്‍. അദ്ദേഹത്തിന്‍റെ 1984 എന്ന നോവലിന് കാലത്തിന് അതീതമായ പ്രസക്തിയാണുള്ളത്. ബംഗാളിലെ നന്ദിഗ്രാം സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ 1984 ലൂടെ ഒരു ഓട്ട പ്രദക്ഷിണം.

സമഗ്രാധിപത്യ സ്വഭാവമുള്ള ആശയങ്ങള്‍ മനുഷ്യരാശിയെ ഞെരിച്ചമര്‍ത്തുമെന്ന് ഈ നോവലിലൂടെ ഓര്‍വെല്‍ പ്രവചിച്ചു. 40 കളുടെ അവസാനഘട്ടങ്ങളില്‍ അമേരിക്കയിലെ ബുദ്ധി ജീവികള്‍ കമ്മ്യൂണിസത്തിനെ പുകഴ്‌ത്തി വളരെയധികം സംസാരിച്ചിരുന്നു. അമേരിക്കന്‍ മാധ്യമങ്ങളും സോവിയറ്റ് യൂണിയനും കമ്മ്യൂണിസത്തെ വാനോളം വാഴ്‌ത്തി.

എന്നാല്‍, കമ്മ്യൂണിസ്റ്റ് രാഷ്‌ട്രങ്ങള്‍ പൌര സ്വാതന്ത്ര്യത്തിനു മേല്‍ കടന്നു കയറികൊണ്ടിരിക്കുകയായിരുന്ന റിപ്പോര്‍ട്ടുകള്‍ ഓര്‍വെല്ലിനെ അസ്വസ്ഥനാക്കി. സമഗ്രാധിപത്യത്തെ എതിര്‍ത്ത് തോല്‍പ്പിച്ചില്ലെങ്കില്‍ ലോകത്തിന്‍റെ അവസ്ഥ 35 വര്‍ഷങ്ങള്‍ക്കു ശേഷം എന്തായിരിക്കുമെന്ന് ഓര്‍വെല്‍ ഈ നോവലിലൂടെ വരച്ചു കാ‍ട്ടുന്നു.

സ്വതന്ത്ര ചിന്താഗതിയെ വരിഞ്ഞു കെട്ടുന്നതിന് സമഗ്രാധിപത്യത്തിന്‍റെ ചെയ്‌തികള്‍ വളരെ രസകരമായ രീതിയിലാണ് ഓര്‍വെല്‍ ഇതില്‍ വിവരിക്കുന്നത്. സാങ്കേതിക വിദ്യ ഉപയോഗിച്ച് പൌരന്‍‌മാ‍രുടെ എല്ലാ നീക്കങ്ങളും ഭരണകൂടം നിരീക്ഷിക്കുന്നു. പാര്‍ട്ടിയെന്ന കുലാണ്ടര്‍ തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിരീക്ഷിക്കുന്നുണ്ടെന്ന് പൌരന്‍‌മാര്‍ക്ക് അറിയാം.

ഭരണകൂടത്തെ സംബന്ധിച്ച് കുട്ടികള്‍ ‘കുട്ടി ചാരന്‍‌മാരാണ്’. മാതാപിതാക്കളെ നിരീക്ഷിക്കുന്നതിനുള്ള ചുമതല അവര്‍ കുട്ടികളെ ഏല്‍പ്പിക്കുന്നു. തങ്ങളുടെ ഇംഗിതത്തിന് എതിരായി പ്രവര്‍ത്തിക്കുന്നവരെ പാര്‍ട്ടി ക്രൂരമായി പീഡിപ്പിച്ചിരുന്നു. പൌരന്‍‌മാരുടെ ലൈംഗികതയെ വരെ ഭരണകൂടം നിയന്ത്രിച്ചു.

സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു വേണ്ടി ജനങ്ങളെക്കൊണ്ട് ക്രൂരമായി പണിയെടുപ്പിച്ചിരുന്നു. മുഖത്തെ സുഖകരമല്ലാത്ത ഭാവം ഒന്നുകൊണ്ടു മാത്രം പൌരന്‍‌മാരെ ഈ നോവലിലെ ഭരണ കൂടം അറസ്റ്റു ചെയ്യുന്നു. യാഥാര്‍ത്ഥ്യത്തെ ഇല്ലാതാക്കുവാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നു. അതിനാല്‍ പാര്‍ട്ടി ജനങ്ങളെ പഠിപ്പിക്കുന്നു: രണ്ട് പ്ലസ് രണ്ട് = അഞ്ചാണെന്ന്.

വര്‍ത്തമാനപ്പത്രങ്ങളുടെ വാര്‍ത്തകള്‍ തിരുത്തി എഴുതുന്നു. രേഖകളും ഫോട്ടോകളും സൂക്ഷിക്കരുതെന്ന് പാര്‍ട്ടി കര്‍ശന നിരീക്ഷണം നല്‍കുന്നു. വര്‍ത്തമാനത്തില്‍ ജീവിച്ച് ഭൂതത്തെ മറക്കുവാനായിരുന്നു പാര്‍ട്ടിയുടെ ആഹ്വാനം.

അങ്ങനെ ഭരണകൂടത്തിനു വേണ്ടി ജീവിച്ച് ഭരണകൂടത്തിനു വേണ്ടി മരിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന ഭരണകൂടങ്ങള്‍ ഉള്ള കാലത്തോളം 1984 ഓര്‍മ്മിക്കപ്പെടും.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :