പ്രവി മാമ്മന്‍

ഒര്‍മ്മക്കുറിപ്പ്-

pravi maman
SasiSASI
‘തലയ്ക്ക് സ്ഥിരതയില്ലാത്ത ഇവന് ആരാടാ പെണ്ണ് കൊടുക്കുക?’, എന്നോട് ഇതു പറയുമ്പോള്‍ അച്ചാച്ചന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ പ്രവി മാമ്മന്‍ അവിടെ തല ചൊറിഞ്ഞ് റോഡിലേക്ക് നോക്കി നിന്നു.

ഓണത്തിന് അച്ചാച്ചനെ കാണുവാന്‍ പോയതായിരുന്നു ഞാന്‍. പ്രവി മാമ്മന്‍റെ അസുഖം കല്ല്യാണം കഴിച്ചു കൊടുത്താല്‍ ഒരു പക്ഷെ മാറുമെന്ന് അമ്മയുടെ തറവാട്ടിലെ ആരോ അച്ചാച്ചനോട് പറഞ്ഞിട്ടുണ്ടായിരുന്നു.

ഒരു കാലത്ത് കെ.എസ്.യുവിന്‍റെ സജീവപ്രവര്‍ത്തകനായി മറ്റം സ്‌കൂളില്‍ സമരം നടത്തിയിരുന്ന പ്രവിമാമ്മനാണ് എന്‍റെ മുമ്പിലൂടെ ഷര്‍ട്ടിടാതെ തല ചൊറിഞ്ഞ് ചിരിച്ചു നടക്കുന്നതെന്ന് ചില നേരത്ത് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല.

എസ്.ഐയായിരുന്ന അച്ചാച്ചന്‍ എന്നോട് പലപ്പോഴും ചോദിക്കും:‘ എന്താടാ എന്‍റെ ആണ്‍‌മക്കളൊക്കെ ഇങ്ങനെയായത്?’. ‘താഴെയുള്ളവന് തലക്ക് വെളിവില്ലാണ്ട് പോയി. മറ്റൊരുത്തന് 24 മണിക്കുറും കുടി. ഏറ്റവും മൂത്തവന് അവന്‍റെ പെണ്ണല്ലാതെ ഒരു ലോകവുമില്ല. എന്‍റെ മക്കള്‍ക്ക് ഫലത്തില്‍ അമ്മാവന്മാര്‍ ആരും ഇല്ലാതെ പോയി‘.

പലപ്പോഴും ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയിരുന്നില്ല. എവിടെയായിരുന്നു എന്‍റെ അച്ചാച്ചനും അമ്മാമ്മയ്ക്കും പിഴച്ചത്?. ഒരു കാലത്ത് കാശിന് ഒരു കുറവും ഉണ്ടായിരുന്നില്ല. സിനിമ കാണാനും കൂട്ടു കൂടാനും ഇഷ്‌ടപ്രകാരം കാശ് പ്രവിമാമ്മന് കൊടുത്തിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ സുഖിക്കുന്നവര്‍ക്ക് എല്ലാവര്‍ക്കും തലയ്ക്ക് സ്ഥിരത ഇല്ലാതെയാകുമല്ലോ?.

അമ്മയുടെ തറവാട്ടില്‍ പുതിയതായി വിവാഹം കഴിഞ്ഞവര്‍ എല്ലാ വീട്ടിലേക്കും പോകും. പക്ഷെ, അമ്മയുടെ വീട്ടിലേക്ക് മാത്രം വരില്ല. അവരെ സംബന്ധിച്ച് ഒഴിച്ചു നിറുത്തേണ്ട ഒന്നായിരുന്നു എന്‍റെ അമ്മയുടെ വീട്. ഒരിക്കല്‍ അച്‌ഛന്‍റെ ചേട്ടന്‍ ചോദിച്ചു.’നിന്‍റെ വട്ടുള്ള അമ്മാവന്‍ ഇപ്പോള്‍ ജീവിച്ചിരുപ്പുണ്ടോ?’.

സി.ആര്‍.പി.എഫില്‍ ജവാനായിരുന്നു അദ്ദേഹം. മനുഷ്യരെ ഏതെങ്കിലും വിധത്തില്‍ ഇല്ലായ്‌മ ചെയ്യുവാന്‍ പരിശീലനം ലഭിച്ച അദ്ദേഹത്തില്‍ നിന്ന് ദയയോടയുള്ള യാതൊരു സമീപനവും ഞാന്‍ ഇതു വരെ പ്രതീക്ഷിച്ചിട്ടില്ല. അതു കൊണ്ട് ചോദ്യം എന്നില്‍ അദ്‌ഭുതമൊന്നും ഉണ്ടാക്കിയില്ല.

ഡിഗ്രിക്ക് ഒന്നാം വര്‍ഷം പഠിക്കുമ്പോഴാണ് പ്രവിമാമ്മന്‍ കിണറ്റിലേക്ക് ചാടിയത്. തക്ക സമയത്ത് നാട്ടുകാര്‍ കൂടി രക്ഷിച്ചു. ആരോ വിളിക്കുന്നതു പോലെ തോന്നിയെന്നാണ് പ്രവിമാമ്മനോട് പിന്നീട് ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്.

അച്ചാച്ചന്‍ മരിച്ചപ്പോള്‍ പ്രവിമാമ്മന്‍ എന്‍റെ അച്ഛനോട് പറഞ്ഞു. ‘അച്‌ഛന്‍ മരിച്ചു ഇനി എനിക്ക് ആരാ ഉള്ളത്?’. അമ്മാമ്മയുണ്ടല്ലോയെന്ന് പറഞ്ഞ് അച്ഛന്‍ പ്രവി അമ്മാവനെ സമാധാനിപ്പിച്ചു.

ഒരു വര്‍ഷം പ്രവി മാമ്മന്‍ അമ്മയോട് പറഞ്ഞു. ‘അമ്മ മരിച്ചാല്‍ ഞാന്‍ കിണറ്റില്‍ ചാടി മരിക്കുമെന്ന് ‘

കോഴിക്കോട് പ്രസ് ക്ലബില്‍ഞാന്‍ ജേര്‍ണലിസം പഠിക്കുമ്പോള്‍ കോളേജില്‍ പഠിച്ചിരുന്ന പെണ്‍ സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് വിവാഹ ആലോചന. പിന്നീട് അവര്‍ അതു വേണ്ടായെന്ന് വെച്ചു.പയ്യന്‍റെ അമ്മയുടെ ഒരു ചേച്ചിക്കും ഒരു അമ്മാവനും തലയ്ക്ക് വെളിവില്ലാത്തതു കൊണ്ട്. മിക്ക സമയത്തും മിണ്ടാതെ നടക്കുന്ന അവനും എന്തോ പ്രശ്‌നമുണ്ടെന്ന കണ്ടെത്തലും അവര്‍ നടത്തിയിരിക്കുന്നു.

റോഡില്‍ മനസ്സിന്‍റെ സമനില തെറ്റി നടക്കുന്നവരെ കാണുമ്പോള്‍ ഞാന്‍ മാറി നടക്കാറില്ല.സിനിമയില്‍ ഭ്രാന്താശുപത്രിയിലെ ഭ്രാന്തന്മാരുടെ ചെയ്തികള്‍ കാണിക്കുമ്പോള്‍ ചിരിക്കാറുമില്ല. ഉള്ളിലെ തേങ്ങല്‍ പ്രയാസപ്പെട്ട് ഒതുക്കും.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :