Last Updated:
വെള്ളി, 16 സെപ്‌റ്റംബര്‍ 2016 (21:37 IST)
പൌലോ കൊയ്‌ലോയുടെ ആല്‍കെമിസ്റ്റ് ലോകത്തിന്‍റെ വായനാസംസ്കാരത്തെ തന്നെ മാറ്റിമറിച്ചതാണ്. ആ നോവല്‍ ഇംഗ്ലീഷ് ഭാഷയില്‍ വായിച്ചവരില്‍ മലയാളികളുമുണ്ട്. എന്നാല്‍ പിന്നീട് ആ നോവല്‍ മലയാളത്തില്‍ തന്നെ അവര്‍ വായിച്ചു. അതിന് പ്രധാന കാരണക്കാരി രമാമേനോന്‍ എന്ന വിവര്‍ത്തകയാണ്. പിന്നീട് മറ്റ് ഭാഷകളില്‍ നിന്ന് രമാമേനോന്‍റെ കൈപിടിച്ച് മലയാളത്തിലേക്ക് വന്ന വിശ്വോത്തര എഴുത്തുകാരും പ്രശസ്തരും അനവധിയാണ്. രമാമേനോന്‍റെ എഴുത്തിലൂടെ ലോകസാഹിത്യത്തിലെ പുതിയ മാറ്റം മലയാളികള്‍ അറിഞ്ഞു.
പൌലോ കൊയ്‌ലോയുടെ തന്നെ ഫിഫ്ത് മൌണ്ടനും മലയാളത്തിലായത് രമാമേനോന്‍റെ കൈവിരല്‍ച്ചൂടറിഞ്ഞാണ്. ദലായ്‌ലാമ, സ്വാമി ചിന്‍മയാനന്ദ, സ്വാമി രാമ, സ്വാമി ദയാനന്ദ, സദ്‌ഗുരു ജഗ്ഗി വാസുദേവ്, മഹാത്മാഗാന്ധി തുടങ്ങിയ മഹാമനുഷ്യരുടെ ചിന്തകളോട് മലയാളികള്‍ കൂടുതല്‍ അടുത്തുനില്‍ക്കുന്നതിന് ഇപ്പോള്‍ രമാമേനോന്‍ എന്ന വിവര്‍ത്തകയുടെ അക്ഷരസാന്നിധ്യം കൂടി ഒരു കാരണമാണ്.
ആല്‍കെമിസ്റ്റിന്‍റെ ഇംഗ്ലീഷ് പതിപ്പ് വായിച്ചതോടെയാണ് വിവര്‍ത്തനം എന്ന ആശയം രമാമേനോന്‍റെ മനസില്‍ ആദ്യം ഉണരുന്നത്. ആ കഥയുടെയും ആഖ്യാന ശൈലിയുടെയും പുതുമയായിരുന്നു രമാമേനോനെ അതിലേക്ക് ആകര്‍ഷിച്ചത്. ഒട്ടൊരു സങ്കോചത്തോടെ വിവര്‍ത്തനം ആരംഭിച്ചെങ്കിലും ആല്‍കെമിസ്റ്റ് തടസങ്ങളൊന്നുമില്ലാതെ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതോടെ ആത്മവിശ്വാസമായി.
അതോടെ പുതിയൊരു വിവര്‍ത്തക ജനിക്കുകയായിരുന്നു. വിവര്‍ത്തനം ഒരു നേരമ്പോക്കും മാനസിക വ്യായാമവും വരുമാനമാര്‍ഗവുമാണ് രമാമേനോന് ഇന്ന്. മുപ്പതോളം പുസ്തകങ്ങള്‍ ഇതിനകം ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തുകഴിഞ്ഞു കഥാകൃത്തുകൂടിയായ രമ.
വാക്കുകള്‍ വിവര്‍ത്തനം ചെയ്യാതെ ആശയങ്ങള്‍ പകര്‍ത്തുകയാണ് രമാമേനോന്‍റെ രീതി. ആശയങ്ങള്‍ ബോധ്യമായിക്കഴിഞ്ഞാല്‍ പിന്നീട് വിവര്‍ത്തനം അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നാണ് രമാമേനോന്‍റെ പക്ഷം.