അച്ഛന്‍ കവിതയെഴുതും, ഞാനെഴുതില്ല: സച്ചിന്‍

മുംബൈ| WEBDUNIA|
PRO
PRO
തനിക്ക് ക്രിക്കറ്റ് കളിക്കാനേ അറിയൂവെന്നും കവിതയെഴുതാനുള്ള കഴിവ് ഈശ്വരന്‍ നല്‍കിയിട്ടില്ലെന്നും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അച്ഛന്‍ രമേശ് ടെന്‍ഡുല്‍ക്കറുടെ കവിതകളടങ്ങിയ സിഡിയുടെ പ്രകാശനച്ചടങ്ങിനിടെ മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അച്ഛനെയും തന്നെയും താരതമ്യപ്പെടുത്തിയത്.

“ജീവിതത്തിലിതുവരെ കവിത എഴുതിയിട്ടില്ല. അച്ഛനും സഹോദരനും കവികളായിരുന്നിട്ടും ആ മേഖലയിലേക്ക് തിരിയാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചിട്ട് കാര്യമില്ല. എനിക്ക് ആ കഴിവ് ഈശ്വരന്‍ തന്നിട്ടില്ല. എന്നാല്‍ എന്റെ അച്ഛന്‍ നല്ലൊരു കവിയായിരുന്നു. ദൈവം ഓരോരുര്‍ത്തക്കും ഓരോ കഴിവുകള്‍ നല്‍കും. തിരിച്ചറിഞ്ഞു പരിപോഷിപ്പിക്കുകയാണു വേണ്ടത്. എനിക്ക് എഴുത്തിന്റെ മേഖലയില്‍ ഇപ്പോള്‍ ഒന്നും ചെയ്യാനാകില്ല.”

“ഞാനിതു വരെ കവിതയോ കഥയോ നോവലോ എഴുതിയിട്ടില്ല. സ്വന്തം കഴിവു തിരിച്ചറിയുകയാണ് ഒരു വ്യക്തിയുടെ ജീവിത വിജയത്തിനാധാരം. കവിത രചിക്കാമെന്ന വിശ്വാസമില്ല. നല്ല കവിതകള്‍ വായിക്കാനും എഴുതിയവരെ അഭിനന്ദിക്കാനും മാത്രമേ എനിക്ക് കഴിയൂ. ഒപ്പം ക്രിക്കറ്റ് കളിക്കാനും അറിയാം.”

“എങ്കിലും, ടെസ്റ്റില്‍ 50 സെഞ്ച്വറികള്‍ നേടാനായതില്‍ ദൈവത്തിന് നന്ദി പറയുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്താന്‍ അവസരങ്ങള്‍ തന്നതിന് ഈശ്വരനോട് നന്ദിയുണ്ട്. ഞാന്‍ 50 ടെസ്റ്റ് സെഞ്ച്വറികള്‍ തികച്ചപ്പോള്‍ അച്ഛനുണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു. ഞാന്‍ ആ നേട്ടത്തിലെത്തിയത് ഡിസംബര്‍ 19നാണ്. അതിന്റെ തലേന്ന് അച്ഛന്റെ ജന്‍‌മദിനമായിരുന്നു, അദ്ദേഹത്തിന് വേണ്ടിയാണ് ഈ നേട്ടം.”

“ജ്യേഷ്ഠന്‍ നിഥിന്‍ ടെണ്ടുല്‍ക്കര്‍ എനിക്ക് ക്രിക്കറ്റ് തന്നു. എന്നെ ക്രിക്കറ്റിലേക്ക് കൈപിടിച്ച് നടത്തിയത് നിഥിനാണ്. ഞാനും ചേട്ടന് എന്തെങ്കിലും നല്‍കണം. സ്വന്തം ക്രിക്കറ്റ് കരിയര്‍ ഉപേക്ഷിച്ച് തന്നെ പിന്തുണച്ച ജ്യേഷ്ഠനോട് എനിക്ക് പറഞ്ഞറിയിക്കാനാകാത്ത നന്ദിയുണ്ട്. ഇപ്പോള്‍ അച്ഛനെപ്പോലെ കവിതയുടെ വീഥിയിലൂടെയാണ് നിഥിന്‍റെ സഞ്ചാരം” - സച്ചിന്‍ പറഞ്ഞു..


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :