1966ല്‍ ഇന്ത്യന്‍ ഫിലോളജി ക്ളാസിക്കല്‍ ആര്‍ക്കിയോളജി, സയന്‍സ് ഓഫ് റിലീജിയന്‍ എന്നിവയില്‍ പഠനം പൂര്‍ത്തിയാക്കി വാര്‍ബര്‍ഗി യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. 1969-ഓടെ വൈദിക പഠനവും പൂര്‍ത്തിയാക്കി. 1970ല്‍ ഗുണ്ടര്‍ട്ടിന്‍റെ കൊച്ചു കൊച്ചു മകളായ ജെന്‍ ട്രാഡിനെ ഫ്രെന്‍സ് വിവാഹം ചെയ്തു.
1974-77 കാലത്ത് ദീര്‍ഘനാളത്തെ ആഗ്രഹത്തിന് സാഫല്യമുണ്ടായി. ഫ്രെന്‍സ് ഇന്ത്യയിലെത്തി. മധുര കാമരാജ് സര്‍വ്വകലാശാലയില്‍ ജര്‍മ്മന്‍ അധ്യാപകനായി. അവിടത്തെ തിയോളജിക്കല്‍ സെമിനാരിയില്‍ പഠിപ്പിക്കുകയും ചെയ്തു.
തിരുവള്ളുവരുടെ തിരുക്കുറലും മാണിക്കവാചകരുടെ തിരുവാചകം എന്നിവ അക്കാലത്ത് അദ്ദേഹം ജര്‍മ്മനിയിലേക്ക് പരിഭാഷപ്പെടുത്തി.
ജെന്‍ട്രാഡിന്‍റെ അമ്മായിയാണ് ഫ്രെന്‍സിന് ഗുണ്ടര്‍ട്ടിന്‍റെ കൈയ്യെഴുത്ത് ഡയറികളുടെ വലിയൊരു കെട്ട് സമ്മാനിച്ചത്. അതില്‍ നിന്നാണ് ഗുണ്ടര്‍ട്ട് തന്‍റെ മലയാളം കൈയെഴുത്ത് പ്രതികള്‍ 1885ല്‍ ട്യൂബിന്‍ഹെന്‍ സര്‍വ്വകലാശാലയ്ക്ക് കൈമാറിയതായി അറിയാന്‍ കഴിഞ്ഞത്.
അതൊരു പുതിയ അറിവായിരുന്നു. മലയാള പത്രങ്ങള്‍ പോലും അന്നത് വലിയ വാര്‍ത്തയായി പ്രസിദ്ധീകരിച്ചു - ഫ്രെന്‍സ് ഓര്‍ക്കുന്നു.