കെപി സുധീരയുമായി ഒരഭിമുഖം

വെബ്‌ദുനിയ ഫീച്ചര്‍ ഡെസ്‌ക്ക്

KP Sudheera
WEBDUNIA|
PRO
PRO
സുധീരയുടെ കഥകള്‍, ഗംഗ, നീലക്കടമ്പ്‌, സ്‌നേഹത്തിന്റെ മുഖങ്ങള്‍, സ്‌നേഹസ്‌പര്‍ശങ്ങള്‍, ശിവേനസഹനര്‍ത്തനം തുടങ്ങി ഒട്ടേറെ കൃതികള്‍ രചിച്ചിട്ടുള്ള എഴുത്തുകാരി കെപി സുധീരയുമായി വെബ്‌ദുനിയ മലയാളം നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.

സാഹിത്യത്തിന്റെ പുരോഗമന പാത എങ്ങോട്ടാണ്‌ ?

സാഹിത്യത്തില്‍ പുരോഗമനം ആവശ്യമാണ്‌. ആധുനികതയ്ക്ക്‌ ശേഷം വന്നത്‌ വേര്‍തിരിവുകള്‍ക്ക്‌ ആതീതമാണ്‌ സാഹിത്യം എന്നാണെന്റെ തോന്നല്‍. മനുഷ്യ വര്‍ഗ്ഗത്തിന്റെ ശോഭനമായ ഭാവിയിലേക്കാണ്‌ സാഹിത്യമിപ്പോഴും കൈനീട്ടുന്നത്‌. എന്നിരുന്നാലും കാലാനുസൃതമായി ഉണ്ടായിരുന്ന നവംനവങ്ങളായ കല്‍പനാചാതുരിയും നൂതനമായ ഭാഷാ സങ്കേതങ്ങളും ഒരു പുത്തനുണര്‍വ്‌ ഉണ്ടാക്കുന്നുണ്ട്‌.

? പെണ്ണെഴുത്ത്‌, ദളിത്‌ എഴുത്ത്‌ എന്നീ തരംതിരിവുകളെ എപ്രകാരം വീക്ഷിക്കുന്നു?

പാശ്ചാത്യ രാജ്യങ്ങളില്‍ പെണ്‍സാഹിത്യം, സ്ത്രീപുരുഷ വായന എന്നീ ശാഖ തന്നെ ഉണ്ട്‌. ഹെലന്‍ സിക്‌സ്യൂ എന്ന ഫെമിനിസ്റ്റ്‌ എഴുത്തുകാരി പറഞ്ഞത്‌, സ്ത്രീകള്‍, പുരുഷന്മാരുടെ ബന്ധനത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ഭാഷ പിടിച്ചെടുക്കുമെന്നാണ്‌. സാര്‍ത്രീന്റെ സഹകാരി സീ മോങ്ങ്‌ ബുവ്വ പറഞ്ഞത്‌ പുരുഷന്‍ ഉണ്ടാക്കിയ കോട്ടയില്‍ അടക്കംചെയ്യപ്പെട്ടവളാണ്‌ സ്ത്രീ എന്നാണ്‌. ലസ്ബിയനിസമാവും ഫലം എന്ന്‌ പുരുഷവക്താക്കള്‍. നന്മയെ സ്വപ്നം കാണലാണ്‌ സാഹിത്യം. സ്വപ്നത്തിന്റെ വര്‍ഗമെന്ത്‌? ഭാഷയെന്ത്‌? ജാതിയെന്ത്‌? സ്ത്രീ പ്രശ്നങ്ങള്‍ അനുഭവിച്ചെഴുതുമ്പോള്‍ തീക്ഷണത കൂടും. എന്നാലത്‌ മാത്രമേ എഴുതൂ എന്ന്‌ വാശി പിടിച്ചാല്‍ സാഹിത്യത്തിന്റെ ലാവണ്യാംശങ്ങള്‍ ചോര്‍ന്നു പോവില്ലേ?

? കഥകളില്‍ രോഗാവസ്ഥ പലപ്പോഴും മുഴച്ചു നില്‍ക്കുന്നുണ്ടല്ലോ ....

രോഗം ദുഃഖം ഇവ ജീവിതത്തിന്റെ അനിവാര്യ സ്വഭാവങ്ങളാണ്‌. വേദനിക്കുന്നവന്റെ കണ്ണൂനീരില്‍ തൂലിക മുക്കിയാണ്‌ പലപ്പോഴും ഞാനെഴുതുന്നത്‌. ചുറ്റും വിലാപങ്ങളാണ്‌. രോഗത്തിന്റെ രോദനം, വേദനിക്കുന്നവന്റെ കരച്ചില്‍, വഞ്ചിക്കപ്പെടുന്നവന്റെ വിലാപം... ഭൂമി പിളര്‍ന്ന്‌ അഗാധഗര്‍ത്തങ്ങളിലേക്ക്‌ പതിക്കുന്നവന്റെ നെഞ്ചുപിളര്‍ക്കുന്ന നിലവിളി... ഇവയ്ക്ക്‌ നടുവിലിരിക്കുമ്പോള്‍ അവയെക്കുറിച്ചെഴുതാതെ എന്തു ചെയ്യാന്‍!

? മാനവികതയും സ്നേഹവും സ്വപ്നവുമൊക്കെ സാഹിത്യത്തില്‍ എങ്ങനെ കടന്നുവരുന്നു

സ്നേഹത്തിന്റെ നീരോട്ടമില്ലാത്ത ഒരു ഊഷരമായ ലോകത്തിലേക്കാണ്‌ മാനവികതയൊക്കെ നീങ്ങിക്കൊണ്ടിരിക്കുന്നത്‌. ആഗോളവല്‍ക്കരണത്തിന്റെ ദോഷഫലങ്ങളായി ജോലിയില്‍ സ്ഥിരത ലഭിക്കാത്തവരും, ജോലിയും കൂലിയും ഇല്ലാത്തവരും, ഉള്ള ജോലിയുടെ ഭാരം താങ്ങാത്തവരും അങ്ങനെ മനുഷ്യമനസ്സില്‍ അരക്ഷിതത്വം, അതൃപ്തി, അശാന്തി ഇവ പെരുകി വരികയാണ്‌. ക്ഷുബ്ധവും അശാന്തവുമായ ഒരു തലമുറയാണ്‌ നമുക്കുള്ളത്‌. ഈ ജീവിതം കനിഞ്ഞു നല്‍കിയ അമൂല്യമായ പാരിതോഷികം സ്നേഹമാണ്‌. അത്‌ കൈവിട്ടുപോകാതെ നോക്കേണ്ടതുണ്ട്‌. അതിന്റെ വില അറിയാത്ത മനുഷ്യനാണ്‌ മനുഷ്യനെ സ്നേഹിക്കാനാവാത്തത്‌. സഹജീവിക്കുവേണ്ടി ഹൃദയത്തില്‍ ഒരു കണ്ണുനീര്‍ക്കണം സൂക്ഷിക്കുവാന്‍ നമുക്കാവണം. മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുന്ന, അവന്റെ വാക്കുകള്‍ അമൃതവാഹിനികളായി കേള്‍ക്കുന്ന ലോകം.

അടുത്ത പേജില്‍ വായിക്കുക “എന്നെ കൈപിടിച്ച് നടത്തിയവര്‍”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :