ആ മരണം ഇങ്ങനെയല്ലെങ്കില്‍...

രണ്‍ജിത് ഭക്തന്‍

PRO
മലയാളത്തിന്‍റെ അയ്യപ്പേട്ടന്‍ യാത്രയായി. ഒരര്‍ത്ഥത്തില്‍ അതും ഒരു വഴിയാത്രക്കാരന്‍റെ മരണം തന്നെ. ആരാലും അറിയപ്പെടാതെ, തമ്പാനൂരിലെ രണ്ടു തിയേറ്റര്‍ സമുച്ചയങ്ങളുടെ മുന്നില്‍, അനാഥനെപ്പോലെ മലയാളത്തിന്‍റെ പ്രിയപ്പെട്ട കവി മരണത്തിലേക്ക് കണ്ണും‌നട്ട് കിടന്നു. ആരോ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും തിടുക്കത്തില്‍ ഈ ലോകം വിട്ടു പറന്നിരുന്നു. മലയാളം ഞെട്ടിയില്ല. ആ മരണം ഇങ്ങനെയായില്ലെങ്കില്‍ ഒരുപക്ഷേ എന്തോ ഒരസ്വാഭാവികത മലയാളികള്‍ അനുഭവിച്ചേനെ.

ഒരു കലാപകാരിയുടെ മരണം എങ്ങനെയായിരിക്കണമെന്ന് മുമ്പ് ജോണ്‍ ഏബ്രഹാം കാണിച്ചുതന്നിട്ടുണ്ട്. അത്തരമൊരു മരണത്തിലേക്കെത്തിപ്പെടാനുള്ള യാത്രയായിരുന്നോ അയ്യപ്പന്‍റെ ജീവിതം എന്നു തോന്നും. കാരണം, പലതവണ വഴിയരുകില്‍, ഓടകളില്‍, വെയ്‌റ്റിംഗ് ഷെഡുകളില്‍, ഓടുന്ന ബസില്‍ ഒക്കെ എ അയ്യപ്പന്‍ എന്ന കവി ബോധരഹിതനായി, അറിയപ്പെടാത്തവനായി കിടന്നിട്ടുണ്ട്. ആരെങ്കിലും ആശുപത്രിയിലെത്തിക്കുമ്പോഴായിരിക്കും കവിയാണെന്ന് തിരിച്ചറിയപ്പെടുക. പിന്നീട് വി ഐ പി ട്രീറ്റ്മെന്‍റാണ്. അത്തരം പരിഗണനകളെ ഭയന്നാകണം ഇത്തവണ ആശുപത്രിയിലെത്തും മുമ്പ് ഭൂമി വിട്ട് അകലാന്‍ തിടുക്കം കാട്ടിയത്.

ചങ്ങാതി തലവച്ചപാളത്തിലൂടെ
ഞാന്‍ തീര്‍ത്ഥാടനത്തിനുപോയി
യമുന നിറയെ കണ്ണുനീര്‍
ഗംഗാജലത്തിനു ശവത്തിന്‍റെ രുചി
ഹിമാലയത്തില്‍
രക്തം ഘനീഭവിച്ച
മഞ്ഞുകട്ടകള്‍

കവിതയിലെ വനവാസിയെന്നും വെയില്‍ തിന്നു മുഖം ചുവന്നവനെന്നും കവി ടി പി അനില്‍‌കുമാര്‍ അയ്യപ്പനെ വിശേഷിപ്പിച്ചിട്ടുണ്ട്. ആധുനിക കവിതയിലെ, നാഗരിക കവിതയിലെ ആത്മാര്‍ത്ഥതയില്ലായ്മക്കെതിരെ കലാപക്കൊടിയുയര്‍ത്തിയ വനവാസിയായിരുന്നു അയ്യപ്പന്‍. ആ നടപ്പുകള്‍ക്ക് വനപാതയായിരുന്നു ഉത്തമം. അല്ലെങ്കില്‍ നഗരവനങ്ങളിലൂടെയാണ് അയ്യപ്പന്‍ അലഞ്ഞത്. വെയില്‍ തിന്ന് മുഖം ചുവന്ന്...

ആരോടും അധികാരം കാണിക്കുന്ന ധിക്കാരിയായിരുന്നു അയ്യപ്പേട്ടന്‍. കയ്യില്‍ പണമില്ലെങ്കില്‍ മുന്നില്‍ കാണുന്നവന്‍റെ പോക്കറ്റില്‍ അദ്ദേഹത്തിന്‍റെ കൈ വീഴും. ‘ഞാന്‍ കവിയാണ്’ എന്ന ഉറച്ച ശബ്ദം പിറകേയെത്തും. ആ അധികാരപ്രകടനത്തില്‍ പണവും സ്നേഹവും നല്‍കും ആരും. പകരം ചിലപ്പോള്‍ വജ്രസൂചികൊണ്ട് തിളക്കിയ വാക്കുകള്‍ കൊരുത്ത് ഒരുഗ്രന്‍ ചൊല്ലിയേക്കാം.

അത്തരം ഇടപെടലുകളെ ഒരു ശല്യമായി ആരും കരുതിയില്ല. അത് അയ്യപ്പനു മാത്രമുള്ള ലൈസന്‍സായിഒരുന്നു. മലയാളിയുടെ ജീവിതത്തിനുമേല്‍ കയറിയിരുന്ന് ഭൂതക്കണ്ണാടികൊണ്ട് ഓരോ ഇഞ്ചും അളന്നെടുത്ത് കവിതയുടെ വിത്താക്കിമാറ്റുന്നവന് മലയാളി നല്‍കിയ അനുവാദം. ഏതു കുടിലിലും കൊട്ടാരത്തിലും ഏതുനേരവും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം. ആരുടെ അടുക്കളയിലും കയറി ആഹാരം വിളമ്പിക്കഴിക്കാനുള്ള സ്വാതന്ത്ര്യം.

അത്താഴമുട്ടുമായ്‌ അലയുന്ന ഞാന്‍ സ്വയം
ചുമക്കുന്ന ചുമടുമായ്‌ ഈവഴിയോരങ്ങള്‍ താണ്ടട്ടെ
മരിക്കാന്‍ മനസില്ലാത്തവനായി

WEBDUNIA|
കാറപകടത്തില്‍പ്പെട്ടു മരിച്ച വഴിയാത്രക്കാരന്‍റെ
ചോരയില്‍ ചവുട്ടി ആള്‍ക്കൂട്ടം നില്‍ക്കേ
മരിച്ചവന്‍റെ പോക്കറ്റില്‍ നിന്നും പറന്ന
അഞ്ചുരൂപയിലായിരുന്നു എന്‍റെ കണ്ണ്‌

മരിക്കാന്‍ മനസ്സില്ലാത്തവനായി വഴിയോരങ്ങളില്‍ അയ്യപ്പേട്ടന്‍ അലഞ്ഞുകൊണ്ടേയിരിക്കുന്നു എന്നു വിശ്വസിക്കാനാണ് മലയാള കവിതാസ്വാദകര്‍ക്കിഷ്ടം. ആ അലച്ചിലുകള്‍ക്കിടയില്‍ രക്തം ഇറുന്നുവീഴുന്ന കവിതകള്‍ ജനിക്കുമെന്നും അവയെന്നും വായനക്കാരുടെ ഉള്ളുപൊള്ളിച്ചുകൊണ്ടിരിക്കുമെന്നും കരുതാനാണിഷ്ടം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :