രാജ്യാന്തര വളര്‍ച്ച 3% കവിയും: ഐഎം‌എഫ്

ഹോങ്കോംഗ്| WEBDUNIA| Last Modified ബുധന്‍, 20 ജനുവരി 2010 (12:25 IST)
ലോക സാമ്പത്തിക രംഗം പ്രതീക്ഷിച്ചതിലും കൂടുതല്‍ വേഗത്തില്‍ തിരിച്ചുവരുന്നതായും 2010ല്‍ ലോകം മൂന്ന് ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ച നേടുമെന്നും അന്താരാഷ്ട്ര നാണയ നിധി (ഐഎം‌എഫ്) മേധാവി സ്ട്രോസ് ഖാന്‍. വിവിധ മേഖകള്‍ വ്യത്യസ്തമായ രീതിയിലാണ് തിരിച്ചുവരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വികസിത രാജ്യങ്ങളില്‍ മാന്ദ്യത്തില്‍ നിന്നുള്ള തിരിച്ചുവരവ് മന്ദഗതിയിലാണ്. ഇവിടങ്ങളിലെ സാമ്പത്തിക രംഗം ഇപ്പോഴും സര്‍ക്കാരിനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. എന്നാല്‍, മറ്റ് രാജ്യങ്ങളിലെ സാമ്പത്തിക രംഗം ഏറെക്കുറെ ഭേദമാണെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യന്‍ ഫിനാന്‍ഷ്യല്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2010ല്‍ ജപ്പാന്‍ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ഏഴ് ശതമാനം വളര്‍ച്ച നേടും. വികസിത സാമ്പത്തിക മേഖലകളേക്കാള്‍ ഉയര്‍ന്നുവരുന്ന സാമ്പത്തിക മേഖലകള്‍ മാന്ദ്യത്തില്‍ നിന്ന് പുറത്തുവരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഏഷ്യന്‍ വിപണികളിലേക്കുള്ള ഫണ്ട് ഒഴുക്ക് നേരത്തെയുള്ള ആശങ്ക കുറയ്ക്കാന്‍ സഹായകരമാകും. ശക്തമായ പരിഷ്കാരങ്ങളും മേല്‍നോട്ടവും സാമ്പത്തിക മേഖലയില്‍ ആവശ്യമാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഏഷ്യന്‍ വിപണികള്‍ മറ്റ് വിപണികളെ അപേക്ഷിച്ച് കൂടുതല്‍ വേഗത്തില്‍ മാന്ദ്യത്തില്‍ നിന്ന് കരകയറുമെന്ന് നേരത്തെ സ്ട്രോസ് ഖാന്‍ അഭിപ്രായപ്പെട്ടിരുന്നു. ഉത്തേജന പാക്കേജ് കുറച്ചുകാലം കൂടി തുടരണമെന്നും ഐ എം എഫ് രാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :